സംസ്ഥാന പര്യടനത്തിന്‍റെ ഭാഗമായി ധര്‍മ്മപുരിയിലെത്തിയ കെ. അണ്ണാമലൈ കത്തോലിക്കാ പള്ളിയിൽ കയറി പ്രാര്‍ത്ഥിക്കാൻ ശ്രമിച്ചപ്പോഴാണ് ഒരുവിഭാഗം യുവാക്കൾ പ്രതിഷേധിച്ചത്. 

ചെന്നൈ: കത്തോലിക്കാ പള്ളിയിലെ വാക്കേറ്റത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ കേസെടുത്ത് തമിഴ്നാട് പൊലീസ്. സാമുദായിക സ്പര്‍ധ ഉണ്ടാക്കാൻ ശ്രമിച്ചു എന്നതടക്കം വകുപ്പുകൾ ചുമത്തിയാണ് കെ. അണ്ണാമലൈക്കെതിരായ നടപടി. ഡിഎംകെയുടെ ഹിന്ദു വിരുദ്ധത തെളിഞ്ഞതായി ബിജെപി പ്രതികരിച്ചു. 

സംസ്ഥാന പര്യടനത്തിന്‍റെ ഭാഗമായി ധര്‍മ്മപുരിയിലെത്തിയ കെ. അണ്ണാമലൈ കത്തോലിക്കാ പള്ളിയിൽ കയറി പ്രാര്‍ത്ഥിക്കാൻ ശ്രമിച്ചപ്പോഴാണ് ഒരുവിഭാഗം യുവാക്കൾ പ്രതിഷേധിച്ചത്. മണിപ്പൂരിൽ ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്നതിന് കൂട്ടുനിൽക്കുന്നവര്‍ക്ക് പള്ളിയിലെന്ത് കാര്യമെന്ന് ചോദിച്ചായിരുന്നു പ്രതിഷേധം. പള്ളി എല്ലാവരുടേതുമേതുമെന്നും മറുപടി നൽകിയ അണ്ണാമലൈ പതിനായിരം ആളുകളെയും കൂട്ടി താൻ ആരാധനാലയത്തിന് മുന്നിൽ കുത്തിയിരുന്നാൽ എന്ത് ചെയ്യുമെന്ന് ചോദിച്ചു. 

പൊലീസ് ഇടപെട്ട് യുവാക്കളെ നീക്കിയതിന് ശേഷമാണ് അണ്ണാമലൈ പള്ളിക്കുള്ളിൽ കയറിയത്. പിന്നാലെ കാര്‍ത്തിക് എന്നയാൾ നൽകിയ പരാതിയിൽ സാമുദായിക സ്പര്‍ധ ഉണ്ടാക്കാൻ ശ്രമിക്കുക, ആരാധനാലയത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാൻ ശ്രമിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ധര്‍മ്മപുരി പൊലീസ് കേസെടുത്തു. പള്ളിയിൽ പ്രാര്‍ത്ഥിക്കുന്നതിന് കേസെടുക്കുകയും സനാതനധര്‍മ്മത്തെ ഉന്മൂലനം ചെയ്യുന്നവരെ പ്രകീര്‍ത്തിക്കയും ചെയ്യുന്ന ഡിഎംകെ ഹിന്ദു വിരുദ്ധ പാര്‍ട്ടിയെന്ന് തെളിഞ്ഞതായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് നാരായണൻ തിരുപ്പതി പ്രതികരിച്ചു.

ബിജെപി നേതാവ് കെ അണ്ണാമലൈയ്ക്കെതിരെ കേസ്