Asianet News MalayalamAsianet News Malayalam

'പതിനഞ്ച് ദിവസത്തിനുള്ളില്‍ സരസ്വതി വിഗ്രഹം സ്ഥാപിക്കണം'; സഭ സ്കൂളിന് മുന്നറിയിപ്പുമായി വിഎച്ച്പി

സ്കൂള്‍ പ്രിന്‍സിപ്പാലായ ഫാദര്‍‍ അഗസ്റ്റിന്‍ ചിറ്റുപ്പറമ്പിലിനെ നേരിട്ട് കണ്ടാണ് മുപ്പതോളം വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ തങ്ങളുടെ ആവശ്യം അടങ്ങിയ കത്ത് കൈമാറിയത്. 

Catholic school in Madhya Pradesh ordered to install Hindu idol
Author
Satna, First Published Oct 26, 2021, 5:27 PM IST

സത്ന: മധ്യപ്രദേശിലെ സത്നയില്‍ സീറോ മലബാര്‍ സഭയുടെ കീഴിലുള്ള സ്കൂളിന് തക്കീതുമായി തീവ്രഹിന്ദു സംഘടനകള്‍. പതിനഞ്ച് ദിവസത്തിനുള്ളില്‍ സ്കൂളിന് മുന്നില്‍ സരസ്വതിയുടെ പ്രതിമ വയ്ക്കണമെന്നാണ് സ്കൂള്‍ പ്രിന്‍സിപ്പാലിന് കൈമാറിയ കത്തില്‍ വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗദള്‍ എന്നിവര്‍ ആവശ്യപ്പെടുന്നത്. സത്ന ജില്ല ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ക്രൈസ്റ്റ് ജ്യോതി സീനിയര്‍‍ സെക്കന്‍ററി സ്കൂളിനാണ് ഹിന്ദു സംഘടനകളുടെ മുന്നറിയിപ്പ്. ഒക്ടോബര്‍ 25നായിരുന്നു സംഭവം.

സ്കൂള്‍ പ്രിന്‍സിപ്പാലായ ഫാദര്‍‍ അഗസ്റ്റിന്‍ ചിറ്റുപ്പറമ്പിലിനെ നേരിട്ട് കണ്ടാണ് മുപ്പതോളം വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ തങ്ങളുടെ ആവശ്യം അടങ്ങിയ കത്ത് കൈമാറിയത്. സ്കൂള്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഇനിയും സ്ഥലത്ത് എത്തുമെന്ന് ഇവര്‍ അറിയിച്ചതായും ഫാദര്‍‍ അഗസ്റ്റിന്‍ ചിറ്റുപ്പറമ്പില്‍ പറയുന്നു. സരസ്വതി വിഗ്രഹം ഉണ്ടായിരുന്ന സ്ഥലത്താണ് വൈദികർ സ്കൂൾ നിർമ്മിച്ചതെന്നാണ് വിഎച്ച്പി , ബജ്രംഗ്ദള്‍ അവകാശവാദം. നിര്‍മ്മാണ് സമയത്ത് സരസ്വതി വിഗ്രഹം വൈദീകര്‍ എടുത്തു മാറ്റി. അതിനാല്‍ എത്രയും വേഗം ക്രൈസ്റ്റ് ജ്യോതി സീനിയര്‍ സെക്കൻററി സ്കൂളില്‍ സരസ്വതി വിഗ്രഹം സ്ഥാപിക്കണമെന്നാണ് സംഘടനകളുടെ ഭീഷണിയെന്നാണ് പ്രിന്‍സിപ്പാളിനെ ഉദ്ധരിച്ച് മാറ്റേര്‍സ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

Catholic school in Madhya Pradesh ordered to install Hindu idol

49 വര്‍ഷത്തോളമായി സത്ന ജില്ല ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ക്രൈസ്റ്റ് ജ്യോതി സീനിയര്‍‍ സെക്കന്‍ററി സ്കൂളിനെതിരെ ഇത്തരം ഒരു സംഭവം ആദ്യമായാണ് ഉണ്ടാകുന്നത് എന്നും പ്രിന്‍സിപ്പാള്‍ കൂട്ടിച്ചേര്‍ക്കുന്നു. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ നിന്നും 445 കിലോമീറ്റര്‍ അകലെയാണ് സീറോ മലബാര്‍ സഭ മാനേജ്മെന്‍റിന് കീഴിലുള്ള ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.

ഇത്തരത്തിലുള്ള ഭീഷണി വീണ്ടും ഉണ്ടാകുകയോ, ഇത്തരം സംഘടനകള്‍ വീണ്ടും പ്രശ്നം സൃഷ്ടിക്കുകയോ ചെയ്താല്‍ നിയമപരമായ സംരക്ഷണം തേടുമെന്നാണ് ഫാദര്‍‍ അഗസ്റ്റിന്‍ ചിറ്റുപ്പറമ്പില്‍ പറയുന്നത്. സീറോ മലബാർ സഭയുടെ സ്തനാ രൂപതയുടെ കീഴിലാണ് സ്കൂള്‍ പ്രവർത്തിക്കുന്നത്. മൂവായിരം വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ പഠിക്കുന്നുണ്ട്. രൂപതയിലെ വൈദിക വിദ്യാര്‍‍ത്ഥികള്‍ ക്രിസ്തുമസിന് കരോള്‍ നടത്തുന്നതിനെതിരേയും നേരത്തെ ഒരു വിഭാഗം പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios