ഹരിയാന മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്ന് 169 കോടി രൂപ തട്ടിയെടുത്ത കേസിൽ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ പർദീപ് കുമാറിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. വിരമിക്കുന്ന ദിവസം അറസ്റ്റിലായ ഇയാൾ, വ്യാജ ബാങ്ക് അക്കൗണ്ടുകൾ വഴി പണം വകമാറ്റിയെന്നാണ് കണ്ടെത്തൽ. ഈ കേസ് 504 കോടിയുടെ വലിയ തട്ടിപ്പിന്റെ ഭാഗമാണെന്നും സി.ബി.ഐ അറിയിച്ചു.
ചണ്ഡീഗഢ്: ഹരിയാന സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഫണ്ടിൽ നിന്നും 169 കോടി രൂപ തട്ടിയെടുത്ത കേസിൽ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ പർദീപ് കുമാറിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. സർവീസിൽ നിന്നും വിരമിക്കുന്ന അവസാന പ്രവൃത്തിദിനത്തിലാണ് നാടകീയമായി ഇദ്ദേഹം പിടിയിലായത്. ഹരിയാനയിലെ ഒരു സർക്കാർ വകുപ്പിൽ ബാങ്കിങ് തട്ടിപ്പിലൂടെ ഉണ്ടാകുന്ന ഏറ്റവും വലിയ സാമ്പത്തിക നഷ്ടമാണിത്.
പർദീപ് കുമാർ, ഹരിയാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ മെമ്പർ സെക്രട്ടറിയായിരുന്ന സമയത്ത് സ്ഥിര നിക്ഷേപങ്ങൾ ആരംഭിക്കാനെന്ന വ്യാജേന ചണ്ഡീഗഢിലെ ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് ശാഖയിലേക്ക് കോടിക്കണക്കിന് രൂപ നിയമവിരുദ്ധമായി മാറ്റാൻ അനുമതി നൽകുകയായിരുന്നു. തുടർന്ന്, ഔദ്യോഗിക അനുമതിയോ സർക്കാരിൻ്റെ രേഖകളോ ഇല്ലാതെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ പേരിൽ വ്യാജ അക്കൗണ്ട് തുടങ്ങി പണം വകമാറ്റി. ഈ അക്കൗണ്ടിൽ നിന്നും പിന്നീട് 169 കോടി രൂപ തട്ടിയെടുത്തെന്ന് സി.ബി.ഐ കണ്ടെത്തി.
ചോദ്യം ചെയ്യലിന് ഹാജരാകാൻ സി.ബി.ഐ പലതവണ നോട്ടീസ് നൽകിയിട്ടും പർദീപ് കുമാർ ഒളിവിൽ കഴിയുകയായിരുന്നു. മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാനിരിക്കെയാണ് സി.ബി.ഐ ഇയാളെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ഹരിയാനയിലെ എട്ട് വകുപ്പുകളിൽ നിന്നായി വ്യാജ സ്ഥിര നിക്ഷേപ രേഖകൾ ചമച്ച് മൊത്തം 504 കോടി രൂപ തട്ടിയെടുത്ത വൻ തട്ടിപ്പിന്റെ ഭാഗമായാണ് ഈ അന്വേഷണം. സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം വിജിലൻസിൽ നിന്നാണ് സി.ബി.ഐ കേസ് ഏറ്റെടുത്തത്. കേസിൽ ഇതുവരെ 17 പേർക്കെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.


