ദില്ലി: ഹാഥ്റസ് സംഭവത്തില്‍ സിബിഐ അന്വേഷണം തുടങ്ങി. പെണ്‍കുട്ടിയുടെ കുടംബത്തെ കാണാനുള്ള യാത്രാ മധ്യേ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനേയും മറ്റ് മൂന്ന് പേരെയും നാളെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യും. പെണ്‍കുട്ടിയുടെ ബന്ധുവെന്നവകാശപ്പെട്ട് മൂന്ന്‌ ദിവസം വീട്ടില്‍ തങ്ങിയ വനിത ഡോക്ടര്‍ക്കെതിരെ ഉത്തര്‍പ്രദേശ് പോലീസ് അന്വേഷണം തുടങ്ങി. 

പൊലീസ് അന്വേഷണത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ഹാഥ്റസ് കേസില്‍ സിബിഐ അന്വേഷണത്തിന്  ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്. അന്വേഷണം ഏറ്റെടുത്തതായുള്ള വിജ്‍ഞാപനം കേന്ദ്രം ഇന്നലെ പുറത്തിറക്കി. കേസ് ഇന്ന് റജിസ്റ്റര്‍ ചെയ്തുവെന്നറിയിച്ച സിബിഐ രണ്ട് ദിവസത്തിനുളളില്‍ ഹാഥ്റസിലെത്തും. ബലാത്സംഗം ചെയ്ത് കൊന്നുവെന്ന കുടംബത്തിന്‍റെ പരാതിയിലും, സഹോദരന്‍ മര്‍ദ്ദിച്ച് കൊന്നുവെന്ന പ്രതികളുടെ ആരോപണത്തിലും ഇതിനോടകം നടന്ന അന്വേഷണത്തിന്‍റെ വിശദാംശങ്ങള്‍ പ്രത്യേക സംഘം സിബിഐക്ക് കൈമാറി. 

വീട്ടുകാരുടെ സമ്മതമില്ലാതെ മൃതദേഹം പൊലീസ് ദഹിപ്പിച്ചതില്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബഞ്ച് സ്വമേധയായെടുത്ത കേസ് നാളെ പരിഗണിക്കാനിരിക്കേ കുടുംബത്തെ ലഖ്നൗവിലേക്ക് മാറ്റി. സുരക്ഷ കാരണങ്ങള്‍ കൂടി ചൂണ്ടിക്കാട്ടി കുടംബത്തെ മാറ്റിയതിനാല്‍ ഇടത് എംപിമാരുടെ ഹാഥ്റസ് സന്ദര്‍ശനം മാറ്റിവച്ചു. 

അതേ സമയം  മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനായി സമര്‍പ്പിച്ച ഹെബിയസ് കോര്‍പ്പസ് ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കേയാണ് ഇഡി ചോദ്യം ചെയ്യുന്നത്. വിദേശസഹായം കൈപ്പറ്റിയെന്ന കുറ്റാരോപണത്തിലാണ് ചോദ്യം ചെയ്യല്‍. 

ഇതിനിടെ ബന്ധുവെന്നവാകശപ്പെട്ട് ഹാഥ്റസ് പെണ്‍കുട്ടിയുടെ വീട്ടില്‍ മൂന്ന് ദിവസം കഴിഞ്ഞ മധ്യപ്രദേശ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ രാജ് കുമാരി ബന്‍സാലിനെതിരെയും പോലീസ് അന്വേഷണം തുടങ്ങി. രാജ്കുമാരി ബന്‍സാലിന് നക്സല്‍ ബന്ധമുണ്ടെന്ന സംശയത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കി.

സീതാറാം യെച്ചൂരിടയക്കമുള്ള നേതാക്കള്‍ വീട് സന്ദര്‍ശിച്ചപ്പോള്‍ രാജ്കുമാരി ബന്‍സാലാണ് കുടുംബത്തിനായി സംസാരിച്ചത്. എന്നാല്‍ കുടുംബത്തിന് ഐക്യദാര്‍ഡ്യം അറിയിക്കാനെത്തിയതാണെന്നും കേസിലടക്കം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കുടുംബത്തിന്‍റെ അഭ്യര്‍ത്ഥന മാനിച്ച് അവിടെ കഴിഞ്ഞെന്നുമാണ്  രാജ്കുമാരി ബന്‍സാലിന്‍റെ പ്രതികരണം.