നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻ.ടി.എ) മൂന്ന് വിഷയവിദഗ്ദ്ധർ ഉൾപ്പെടെ 13 പേർക്കെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. പണത്തിന് വേണ്ടിയാണ് ചോദ്യങ്ങൾ ചോർത്തിയതെന്നും, ഇത് മഹാരാഷ്ട്രയിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് ഡിജിറ്റൽ മാധ്യമങ്ങൾ വഴി വിതരണം ചെയ്തെന്നും സി.ബി.ഐ കണ്ടെത്തി

ദില്ലി: നീറ്റ്-യു.ജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ വിഷയവിദഗ്ദ്ധർ ഉൾപ്പെടെ 13 പേർക്കെതിരെ സി.ബി.ഐ ദില്ലി റൗസ് അവന്യൂ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ചോദ്യപേപ്പർ തയ്യാറാക്കുന്നതിലും വിവർത്തനം ചെയ്യുന്നതിലും പങ്കാളികളായ വിദഗ്ദ്ധർ പണത്തിന് വേണ്ടിയാണ് ചോദ്യങ്ങൾ ചോർത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. തടവുശിക്ഷയും വൻ തുക പിഴയും ലഭിക്കാവുന്ന ഗുരുതരമായ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

എൻ.ടി.എ കരാർ അടിസ്ഥാനത്തിൽ നിയമിച്ച മൂന്ന് അധ്യാപകരാണ് ചോർച്ചയ്ക്ക് പ്രധാന പങ്കുവഹിച്ചത്. ബോട്ടണി/സുവോളജി വിഷയങ്ങൾ കൈകാര്യം ചെയ്ത മനീഷ ഗുരുനാഥ് മന്ധാരെ, കെമിസ്ട്രി വിദഗ്ദ്ധൻ പ്രഹ്ലാദ് വിഠൽറാവു കുൽക്കർണി, ഫിസിക്സ് വിദഗ്ദ്ധ മനീഷ സഞ്ജയ് ഹവാൽദാർ എന്നിവരാണ് സി.ബി.ഐ കുറ്റപത്രത്തിൽ ഉൾപ്പെട്ട എൻ.ടി.എ വിദഗ്ദ്ധർ. ചോദ്യപേപ്പറുകളുടെ വിവർത്തനവും പ്രൂഫ് റീഡിംഗും നടക്കുന്ന ഘട്ടത്തിലാണ് ഇവർ ചോദ്യങ്ങൾ ചോർത്തിയത്. പുണെയിലെ സ്വന്തം വസതികളിലും ലാതൂരിലെ സിദ്ധിവുനായക് ആശുപത്രി കേന്ദ്രീകരിച്ചും പ്രതികൾ ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് പറഞ്ഞു നൽകുന്ന രഹസ്യ സെഷനുകൾ സംഘടിപ്പിച്ചു. ഇവിടെ വെച്ച് ചോദ്യങ്ങളും ഉത്തരങ്ങളും കുട്ടികൾക്ക് കുറിച്ചെടുക്കാൻ അവസരമൊരുക്കി. തുടർന്ന് ടെലിഗ്രാം, വാട്ട്‌സ്ആപ്പ് തുടങ്ങിയ ഡിജിറ്റൽ മാധ്യമങ്ങൾ വഴിയും ഇടനിലക്കാർ വഴിയും മഹാരാഷ്ട്രയിൽ നിന്ന് രാജസ്ഥാൻ ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ കോച്ചിംഗ് സെന്ററുകളിലേക്കും പരീക്ഷാർത്ഥികളിലേക്കും ചോദ്യങ്ങൾ എത്തിക്കുകയായിരുന്നു.

ഭാരതീയ ന്യായ സംഹിതയിലെ ക്രിമിനൽ വിശ്വാസവഞ്ചന (വകുപ്പ് 316(5)), തെളിവ് നശിപ്പിക്കൽ (വകുപ്പ് 238), അഴിമതി നിരോധന നിയമം, പൊതുപരീക്ഷാ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ ജീവപര്യന്തം തടവോ അല്ലെങ്കിൽ 10 വർഷം വരെ തടവും 10 കോടി രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണിത്. കേസിൽ കൂടുതൽ ഡിജിറ്റൽ തെളിവുകളും സാമ്പത്തിക ഇടപാടുകളുടെ രേഖകളും സി.ബി.ഐ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ സി.ബി.ഐ നടത്തിയ കണ്ടെത്തലുകളെക്കുറിച്ചും എൻ.ടി.എ ഉപകരാർ നൽകിയ വിദഗ്ദ്ധരുടെ പങ്കിനെക്കുറിച്ചും വിശദീകരിക്കുന്ന ഈ വാർത്താ വീഡിയോ കൂടുതൽ വിവരങ്ങൾ നൽകുന്നു.