ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പേര് സമർപ്പിച്ച കുറ്റപത്രത്തില്‍ ഇല്ലെന്നാണ് സൂചന. മദ്യനയ കേസില്‍ മനീഷ് സിസോദിയയെ ഒന്നാം പ്രതിയാക്കിയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ദില്ലി: ദില്ലി മദ്യനയക്കേസില്‍ കോടതിയില്‍ കുറ്റപത്രം സമർപ്പിച്ച് സിബിഐ. മലയാളി വ്യവസായിയും ആംആദ്മി പാര്‍ട്ടി നേതാവുമായ വിജയ് നായർ, മലയാളിയായ അരുൺ ആർ പിള്ള, രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഏഴ് പേരെ പ്രതി ചേർത്താണ് കുറ്റപത്രം നല്‍കിയത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പേര് സമർപ്പിച്ച കുറ്റപത്രത്തില്‍ ഇല്ലെന്നാണ് സൂചന. മദ്യനയ കേസില്‍ മനീഷ് സിസോദിയയെ ഒന്നാം പ്രതിയാക്കിയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസ് ഇപ്പോള്‍ ദില്ലിയിലെ സിബിഐ കോടതി പരിഗണിക്കുകയാണ്. 

YouTube video player

എന്താണ് ദില്ലി മദ്യ നയ കേസ് ?

എക്സൈസ് വകുപ്പടക്കം ഭരിക്കുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മനീഷ് സിസോദിയയാണ് ഒന്നാം പ്രതി. ദില്ലി എക്സൈസ് കമ്മീഷണറായിരുന്ന അരവ ഗോപി കൃഷ്ണ, മുതി‍ർന്ന രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ സിസോദിയയുമായി ചേർന്ന് ചട്ടം ലംഘിച്ച് മദ്യ വ്യാപാരികൾക്ക് അനധികൃതമായി ടെണ്ടർ ഒപ്പിച്ച് നല്‍കിയെന്നാണ് സിബിഐ കണ്ടെത്തല്‍. മലയാളിയും വ്യവസായിയുമായ വിജയ് നായർ അടക്കമുള്ള ചില വ്യാപാരികളും പുതിയ മദ്യനയത്തിന് രൂപം നല്‍കുന്നതില്‍ നിർണായക പങ്കുവഹിച്ചു. സിസോദിയയുമായി അടുപ്പമുള്ളവർക്ക് ഇവർ കോടികൾ കൈമാറിയെന്നും, ഇത് കമ്മീഷന്‍ തുകയാണെന്നും സിബിഐ എഫ്ഐആറില്‍ പറയുന്നു.