Asianet News MalayalamAsianet News Malayalam

തേജസ്വി യാദവിനെ ചോദ്യം ചെയ്ത് സിബിഐ, സഹോദരി ഇഡിക്ക് മുന്നിൽ; നടപടി ജോലിക്ക് പകരം ഭൂമി അഴിമതിക്കേസിൽ

തേജസ്വി യാദവിൻറെ സഹോദരിയും എംപിയുമായ മിസ ഭാരതിയും ഇതേ കേസിൽ ഇന്ന് ഇഡിക്കു മുമ്പാകെ ഹാജരായി.

cbi Questioned tejashwi yadav and ed questioned his sister  in Land For Jobs Scam apn
Author
First Published Mar 25, 2023, 5:11 PM IST

ദില്ലി : ജോലിക്ക് ഭൂമി അഴിമതി കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ സിബിഐ ചോദ്യം ചെയ്തു. ലാലുപ്രസാദ് യാദവിനെയും ഭാര്യ റാബ്രി ദേവിയെയും ചോദ്യം ചെയ്തതിന് പിന്നാലെയാണ് തേജസ്വിയുടെ ചോദ്യം ചെയ്യൽ. തേജസ്വി യാദവിൻറെ സഹോദരിയും എംപിയുമായ മിസ ഭാരതിയും ഇതേ കേസിൽ ഇന്ന് ഇഡിക്കു മുമ്പാകെ ഹാജരായി.

ജോലിക്ക് ഭൂമി അഴിമതി കേസിൽ ലാലുപ്രസാദിനും കുടുംബത്തിനുമെതിരായ നടപടികൾ അന്വേഷണ ഏജൻസികൾ കടുപ്പിക്കുന്നു.  ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാവിലെ  ദില്ലി സിബിഐ ഓഫീസിൽ എത്തി. നേരത്തെ മൂന്ന് തവണ നോട്ടീസ് നൽകിയിട്ടും തേജസ്വി ഹാജരായിരുന്നില്ല. നടപടിക്കെതിരെ കോടതിയെയും സമീപിച്ചിരുന്നു. ഈമാസം അറസ്റ്റ് ചെയ്യില്ലെന്ന് സിബിഐ ദില്ലി കോടതിയിൽ വ്യക്തമാക്കിയതിന് ശേഷമാണ് തേജസ്വി ഹാജരായത്. രാവിലെയും വൈകീട്ടുമായി രണ്ടുഘട്ടമായാണ് ചോദ്യം ചെയ്തത്. കേസിൽ കഴിഞ്ഞയാഴ്ച കോടതിയിൽ ഹാജരായ ലാലു പ്രസാദ് യാദവിനും, ഭാര്യ റാബ്രി ദേവിക്കും ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും പോരാട്ടം തുടരുമെന്നും  തേജസ്വി പ്രതികരിച്ചു. 

സിബിഐ കേസിനെ അടിസ്ഥാനമാക്കി ഇഡി രജിസ്റ്റ‌ർ ചെയ്ത കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ തേജസ്വിയുടെ സഹോദരിയും ആർജെഡി എംപിയുമായ മിസ ഭാരതിയെ ഇഡിയും ഇന്ന് ചോദ്യം ചെയ്തു. 2004 മുതൽ 2009 വരെ കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ ഗ്രൂപ്പ് ഡി തസ്തികയിലുള്ള ജോലിക്ക് പകരം തുച്ഛമായ വിലയ്ക്ക് ഭൂമി കോഴയായി വാങ്ങിയെന്നാണ് കേസ്. ലാലു പ്രസാദ് യാദവും കുടുംബാംഗങ്ങളുമുൾപ്പടെ 16 പേർക്കെതിരെയാണ് സിബിഐ കേസിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.   കേന്ദ്ര ഏജന്സികളെ സർക്കാർ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുകയാണെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കുന്നതിനിടെയാണ് സിബിഐയും ഇഡിയും ഇക്കാര്യത്തിലെ നടപടികളുമായി മുന്നോട്ട് പോകുന്നത്. 


 

Follow Us:
Download App:
  • android
  • ios