ദില്ലി: 2500 കോടി രൂപയുടെ ശാരദ ചിട്ടിതട്ടിപ്പു കേസിൽ കൊൽക്കത്ത മുൻ പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ കണ്ടെത്താനുള്ള ശ്രമം സിബിഐ സംഘം തുടരും. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ രാജീവിന് നിർദ്ദേശം നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇയാളുടെ മൊബൈൽ ഫോണും സ്വിച്ച് ഓഫായിരുന്നു. തുടർന്ന് സിബിഐ ഉദ്യോഗസ്ഥർ  രാജീവ് കുമാറിന്‍റെ വസതിയിലെത്തിയെങ്കിലും കാണാൻ സാധിച്ചില്ല.

അതേസമയം, കേസിൽ സിബിഐക്ക് മുന്നിൽ ഹാജരാകാൻ കൂടുതൽ സമയം വേണമെന്ന് കഴിഞ്ഞ ദിവസം രാജീവ് കുമാർ ആവശ്യപ്പെട്ടു. ഇ മെയിൽ വഴിയാണ് ഇക്കാര്യം സിബിഐയെ അറിയിച്ചത്. 2500 കോടി രൂപയുടെ അഴിമതി കേസ് സിബിഐ ഏറ്റെടുക്കുന്നതിന് മുമ്പ് അന്വേഷിച്ചിരുന്ന സംഘത്തിൽ രാജീവ് കുമാറും ഉണ്ടായിരുന്നു. കേസിൽ രാജീവ് കുമാർ തെളിവുകളിൽ കൃത്രിമം കാട്ടിയെന്നാണ് സിബിഐ കണ്ടെത്തൽ.

കഴിഞ്ഞ മെയ് മാസത്തിലാണ് ശാരദ കേസിൽ രാജീവ് കുമാറിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ട് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്.  ഓഗസ്റ്റിൽ അത് ഒരുമാസത്തേക്ക് കൂടി നീട്ടി. അറസ്റ്റിൽ നിന്നുള്ള സംരക്ഷണം നീക്കിയതിന് പിന്നാലെ രാജീവ് കുമാറിന്‍റെ വസതിയിൽ നേരിട്ടെത്തിയ സിബിഐ സംഘം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അദ്ദേഹത്തിന് നോട്ടീസ് കൈമാറിയത്. നേരത്തെ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ കൊൽക്കത്ത പൊലീസ് തടഞ്ഞത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.