കോടികള്‍ തട്ടിച്ച് മുങ്ങിയ വ്യവസായി നീരവ് മോദിയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍  യുകെയോടും ഇന്‍റര്‍പോളിനോടും ആവശ്യപ്പെടാന്‍ സിബിഐ. നീരവ് മോദി ലണ്ടനില്‍ ആഢംബര ജീവിതം നയിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 

ദില്ലി: കോടികള്‍ തട്ടിച്ച് മുങ്ങിയ വ്യവസായി നീരവ് മോദിയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ യുകെയോടും ഇന്‍റര്‍പോളിനോടും ആവശ്യപ്പെടാന്‍ സിബിഐ. നീരവ് മോദി ലണ്ടനില്‍ ആഢംബര ജീവിതം നയിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടി നീരവ് ലണ്ടനിലുണ്ടെന്ന് കാണിച്ചാണ് സിബിഐ ആവശ്യം ഉന്നയിക്കാനൊരുങ്ങുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിച്ച ശേഷമായിരുന്നു നീരവ് ഇന്ത്യ വിട്ടത്.

നീരവ് മോദിക്കെതിരെ നേരത്തെ ഇന്‍റര്‍ പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കാനാണ് ഇന്‍റര്‍പോളിനോട് സിബിഐ ആവശ്യപ്പെടുക. ഉടന്‍ തന്നെ ഈ ആവശ്യം യുകെയെയയും ഇന്‍റര്‍പോളിനെയും അറിയിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നീരവ് യുകെയില്‍ ഉണ്ടെന്ന് 2018 ഓഗസ്റ്റില്‍ തന്നെ അധികൃതരെ അറിയിച്ചതാണ്. എന്നാല്‍ എവിടെയാണെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസമാണ് നീരവ് മോദി ലണ്ടനില്‍ ആഢംബര ജീവിതം നയിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്.