Asianet News MalayalamAsianet News Malayalam

ദില്ലി സർക്കാറിന് കുരുക്ക് മുറുക്കി ലെഫ്. ​ഗവർണർ; ലോ ഫ്ലോർ ബസ് വാങ്ങിയതിൽ സിബിഐ അന്വേഷണത്തിന് ശുപാർശ

ഡിടിസിയുടെ 1,000 ലോ ഫ്ലോർ ബസുകൾ വാങ്ങിയതിലെ അഴിമതി അന്വേഷിക്കാൻ സിബിഐക്ക് പരാതി കൈമാറാനുള്ള നിർദ്ദേശത്തിന് ദില്ലി ​ഗവർണർ വി കെ സക്‌സേന അംഗീകാരം നൽകിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

CBI to Probe Delhi Govt for Irregularities in Purchase of 1,000 Low-floor Buses after lg governor
Author
First Published Sep 11, 2022, 11:31 AM IST

ദില്ലി: ദില്ലിയിലെ ആം ആദ്മി സർക്കാറിന് കുരുക്ക് മുറുക്കി ലെഫ്റ്റനന്റ് ​ഗവർണർ.  ലോഫ്ലോർ ബസുകൾ വങ്ങിയതിലെ അഴിമതി അന്വേഷിക്കാൻ സിബിഐക്ക് ശുപാർശ. 1000 ലോ ഫ്ളോർ ബസുകൾ വാങ്ങിയതിൽ അഴിമതി ഉണ്ട് എന്ന് നേരത്തെ ഗവർണർക്ക് പരാതി ലഭിച്ചിരുന്നു. മദ്യനയ കേസിൽ ഗവർണറുടെ ശുപാർശയിൽ ആണ് സിബിഐ കേസെടുത്തത്. ഡിടിസിയുടെ 1,000 ലോ ഫ്ലോർ ബസുകൾ വാങ്ങിയതിലെ അഴിമതി അന്വേഷിക്കാൻ സിബിഐക്ക് പരാതി കൈമാറാനുള്ള നിർദ്ദേശത്തിന് ദില്ലി ​ഗവർണർ വി കെ സക്‌സേന അംഗീകാരം നൽകിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഡിടിസി മുൻകൂട്ടി നിശ്ചയിച്ച രീതിയിൽ ബസ്സുകൾ ടെൻഡർ ചെയ്യുന്നതിനും വാങ്ങുന്നതിനുമുള്ള കമ്മിറ്റിയുടെ ചെയർമാനായി ഗതാഗത മന്ത്രിയെ നിയമിച്ചതായി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ടെൻഡറിനായി ഡിഐഎംടിഎസിനെ ബിഡ് മാനേജ്‌മെന്റ് കൺസൾട്ടന്റായി നിയമിച്ചത് അഴിമതിക്ക് സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും പരാതി അവകാശപ്പെട്ടിരുന്നു.

1,000 ലോ ഫ്ലോർ ബിഎസ്-IV, ബിഎസ്-VI ബസുകൾക്കായുള്ള 2019 ജൂലൈയിലെ സംഭരണ ​​ബിഡിലും ലോ ഫ്ലോർ ബിഎസ്-VI ബസുകളുടെ വാങ്ങലിനും വാർഷിക അറ്റകുറ്റപ്പണി കരാറിനുമായി 2020 മാർച്ചിൽ നൽകിയ മറ്റൊരു കരാറിലും ക്രമക്കേടുണ്ടെന്ന് പരാതിയിൽ ആരോപിക്കുന്നു. ദില്ലി സർക്കാരിൽ നിന്ന് അഭിപ്രായം തേടാനും  ശുപാർശകൾ തേടാനും ജൂലൈ 22 ന് പരാതി ചീഫ് സെക്രട്ടറിക്ക് കൈമാറി. ഓഗസ്റ്റ് 19 ന് ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ ചില ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനെ തുടർന്നാണ് സക്‌സേന ഇപ്പോൾ സിബിഐക്ക് പരാതി നൽകിയത്. സിബിഐ ഇതിനകം തന്നെ ഇക്കാര്യത്തിൽ പ്രാഥമിക അന്വേഷണം നടത്തുകയാണെന്നും അവർ പറഞ്ഞു. 

2021 ജൂണിൽ ബസുകൾ വാങ്ങിയതിലെ അഴിമതി ആരോപണങ്ങൾ അന്വേഷിക്കാൻ വിരമിച്ച ഐഎഎസ് ഓഫീസർ ഒപി അഗർവാളിന്റെ (റിട്ട) നേതൃത്വത്തിലുള്ള കമ്മിറ്റിയും ടെൻഡറിങ്ങിലും നടപടിക്രമങ്ങളിലും വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് ചീഫ് സെക്രട്ടറി വിഷയം സിബിഐക്ക് വിടാൻ ശുപാർശ ചെയ്തത്. ചീഫ് സെക്രട്ടറിയു‌‌ടെ ശിപാർശ ​ഗവർണർ അം​ഗീകരിക്കുകയായിരുന്നു. അതേസമയം,  ദില്ലി സർക്കാർ ഇതുവരെ പ്രതികരിച്ചില്ല. 

Follow Us:
Download App:
  • android
  • ios