Asianet News MalayalamAsianet News Malayalam

തൂത്തുക്കുടി കസ്റ്റഡി കൊലപാതകം; കേസ് സിബിഐക്ക്

സിബിഐ അന്വേഷണ കാര്യത്തിൽ വേഗത്തിൽ തീരുമാനം എടുക്കണമെന്ന തമിഴ്‍നാട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. 

CBI will investigate Thoothukudi custodial death
Author
Delhi, First Published Jul 7, 2020, 3:14 PM IST

ദില്ലി: തൂത്തുക്കുടി കസ്റ്റഡി കൊലപാതക കേസ് സിബിഐക്ക് കൈമാറുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇക്കാര്യം അറിയിച്ച് കേന്ദ്രം തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. സിബിഐ അന്വേഷണ കാര്യത്തിൽ വേഗത്തിൽ തീരുമാനം എടുക്കണമെന്ന തമിഴ്‍നാട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. 

ലോക്ക്ഡൗണ്‍ ലംഘിച്ചു കട തുറന്നതിന് കസ്റ്റഡിയിലായ തടിവ്യാപാരിയായ ജയരാജനും മകന്‍ ബനിക്സും പൊലീസ് കസ്റ്റഡിയിലെ മര്‍ദ്ദനത്തിൽ കൊല്ലപ്പെടുകയായിരുന്നു. എന്നാൽ ബെനിക്സിന്‍റെ മൊബൈല്‍ കടയില്‍ രാത്രി ഒമ്പതുമണിക്ക് വന്‍ ജനകൂട്ടം ആയിരുന്നുവെന്നും ഇത് ചോദ്യം ചെയ്ത പൊലീസിനെ ബെനിക്സ് ആക്രമിച്ചുവെന്നുമാണ് പൊലീസിന്‍റെ എഫ്ഐആര്‍.

കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബലം പ്രയോഗിച്ചുവെന്നും പരിക്കേറ്റെന്നുമാണ് വാദം. എന്നാല്‍ പൊലീസ് വാദം തെറ്റാണെന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പൊലീസ് ജീപ്പിന് അടുത്തെത്തി സംസാരിച്ച് കടയടക്കാന്‍ ബെനിക്സ് തിരിച്ചെത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കടയ്ക്ക് മുന്നില്‍ അക്രമം നടന്നിട്ടില്ലെന്ന് സമീപവാസികളും വെളിപ്പെടുത്തിയിരുന്നു.കൊലപാതകത്തിൽ പ്രതിഷേധം ശക്തമായതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. 

തൂത്തുക്കുടി കസ്റ്റഡി മരണത്തില്‍ പൊലീസിനെതിരെ കേസെടുക്കാന്‍ തെളിവുണ്ടെന്ന് ഹൈക്കോടതി നേരത്തെ അറിയിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമര്‍ദ്ദനത്തിന്‍റെ തെളിവുകളുണ്ടെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഉത്തരവ്.  അഞ്ച് പൊലീസ് ഉദ്യോഗസ്ഥരയൊണ് കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റ് ചെയ്തത്. 

Follow Us:
Download App:
  • android
  • ios