ദില്ലി: ആയിരം കോടിയുടെ വിദേശനാണയ ചട്ടലംഘനക്കേസില്‍ അറസ്റ്റിലായ മലയാളി പ്രവാസി വ്യവസായി സി സി തമ്പിയെ കോടതിയിൽ ഹാജരാക്കി. തമ്പിയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നാളെ വൈകുന്നേരത്തേക്ക് മാറ്റിയ കോടതി അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍റെ വാദം പരിഗണിച്ച് തമ്പിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

കേസില്‍ ഇതുവരെ അഞ്ച് പേരെ ചോദ്യം ചെയ്തെന്നും എട്ട് പേരോട് ചോദ്യം ചെയ്യല്ലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടു കൊണ്ട് നോട്ടീസ് അയച്ചിട്ടുണ്ടെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ തമ്പിയുടെ റിമാന്‍ഡ് കാലാവധി നീട്ടുന്നത് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ ചോദ്യം ചെയ്തു. ഇനിയും വരാത്ത സാക്ഷികള്‍ക്കായി തമ്പിയെ വീണ്ടും കസ്റ്റഡിയില്‍ വിടരുതെന്നും തന്‍റെ കക്ഷിയുടെ ആരോഗ്യനില കൂടി കണിക്കിലെടുക്കണമെന്നും തമ്പിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. 

തമ്പി കുറ്റക്കാരനാണെന്ന് തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ കണ്ടെത്തുന്നതില്‍ അന്വേഷണ ഏജന്‍സി പരാജയപ്പെട്ടെന്നും അഭിഭാഷകന്‍ വാദിച്ചു. ഇതിനു ശേഷം ഇഡി കസ്റ്റഡിയിലുണ്ടായിരുന്ന തമ്പിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവിട്ടത്. ഫെബ്രുവരി 7 വരെയാണ് തമ്പിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. നാളെ വൈകിട്ട് 3.30-ന് ജാമ്യാപേക്ഷയില്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കും. ദില്ലിയിലെ റോസ് അവന്യു കോടതിയിലാണ് കേസിന്‍റെ വാദം നടക്കുന്നത്. 

 യുഎഇയിലെ ഹോളിഡെയ്സ് ഗ്രൂപ്പ് ചെയർമാനാണ് മലയാളിയായ സിസി തമ്പി. ഇദ്ദേഹത്തെ കഴിഞ്ഞവർഷം ജൂണിലും ഡിസംബറിലുമായി രണ്ടു തവണ തമ്പിയെ എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്തിരുന്നു. ആയിരം കോടി രൂപയുടെ വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇപ്പോഴത്തെ അറസ്റ്റ്. കേരളത്തിലെ ഭൂമി ഇടപാടുകൾ ഉൾപ്പടെ പരിശോധിച്ച ഇഡി തമ്പിയെ ദില്ലിയിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

കൂടാതെ 2008ൽ ഒഎൻജിസിയുടെ  പ്രത്യേക സാമ്പത്തിക മേഖലയുടെ നിർമ്മാണത്തിന് സാംസങ് കമ്പനിക്ക് കരാർ നല്കിയിരുന്നു. ഇതിൽ ഇടനില നിന്നത് ആയുധഇടപാടുകാരാൻ സ‍ഞ്ജയ് ഭണ്ഡാരിയുടെ കമ്പനിയാണ്. ഭണ്ഡാരി ലണ്ടനിൽ വാങ്ങിയ 26 കോടിയുടെ കെട്ടിടം തമ്പിയുടെ കടലാസ് കമ്പനി ഏറ്റെടുത്തു. 

ഒഎൻജിസി കരാർ നല്കിയതിൽ തമ്പിക്ക് പങ്കുണ്ടെന്ന് ഇത് വ്യക്തമാക്കുന്നതായി എൻഫോഴ്സ്മെൻറ് പറയുന്നു. തമ്പിയുടെ കമ്പനിയുടെ പേരിലായിരുന്നു ഇടപാടിന് ശ്രമിച്ചത്. തമ്പിയെ ബിനാമിയാക്കി റോബർട്ട് വദ്രയാണ് ഈ കെട്ടിടം ഉപയോഗിച്ചിരുന്നതെന്നും എൻഫോഴ്സമെൻറ് വ്യക്തമാക്കുന്നു.