ബംഗളൂരു: കർണാടകത്തില്‍ ഉപതിരഞ്ഞെടുപ്പടുത്തതോടെ സിഡി വിവാദം യെദിയൂരപ്പ സർക്കാരിന് തലവേദനയാകുന്നു. അന്വേഷണസംഘം പക്ഷപാതപരമായി പെരുമാറുന്നുവെന്ന യുവതിയുടെ പരാതിക്ക് പിന്നാലെ, റിപ്പോർട്ട് സമർപ്പിക്കാന്‍ പൊലീസിനോട് ഹൈക്കോടതി ഉത്തരവിട്ടു. യുവതിയുടെ രഹസ്യമൊഴിയും കഴിഞ്ഞദിവസം രേഖപ്പെടുത്തി.

വിവാദ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ രാജിവച്ച മന്ത്രി രമേശ് ജാർക്കിഹോളിയുടെ നാടായ ബെലഗാവി ലോക്സഭാ മണ്ഡലത്തിലേക്കും മറ്റ് രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പടുത്തതോടെയാണ് പ്രതിപക്ഷം വിഷയം സജീവ ചർച്ചയാക്കുന്നത്. മുന്‍ മന്ത്രിക്കെതിരെ പരാതിയുന്നയിച്ച യുവതിക്ക് നീതി ലഭിക്കുന്നില്ലെന്നാരോപിച്ച് ദിവസങ്ങളോളം കോൺഗ്രസ് നിയമസഭ തടസപ്പെടുത്തിയിരുന്നു.

മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയടക്കം ആരോപണങ്ങൾ വ്യാജമാണെന്ന് പറഞ്ഞ് ജാർക്കിഹോളിയെ പിന്തുണച്ചതോടെ വിവാദം കൂടുതല്‍ സജീവമായി. ഇതിനിടെ രമേശ് ജാർക്കിഹോളിക്ക് ക്ലീന്‍ചിറ്റ് നല്‍കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ശ്രമമെന്ന് ആരോപിച്ച് യുവതി ഹൈക്കോടതിക്ക് കത്ത് നല്‍കിയ സാഹചര്യത്തിലാണ് അന്വേഷണ പുരോഗതി റിപ്പോർട്ട് കൈമാറാന്‍ കോടതി ഉത്തരവിട്ടത്.

ഇതിനോടകം കോടതിയിലും അന്വേഷണസംഘത്തിന് മുന്നിലും ഹാജരായ യുവതി കേസുമായി ബന്ധപ്പെട്ട വിവരങ്ങളും രഹസ്യ മൊഴിയും നല്‍കി. യുവതിയുമൊത്ത് നഗരത്തില്‍ കഴിഞ്ഞ ദിവസം പൊലീസ് തെളിവെടുപ്പും നടത്തി. ഇതിന്‍റെ അടിസ്ഥാനത്തില്‍ രമേശ് ജാർക്കിഹോളിയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങവേയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

നിലവില്‍ ബെലഗാവിയിലെ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ് രമേശ് ജാർക്കിഹോളി. പ്രത്യേക അന്വേഷണ സംഘം നേരത്തെ നാല് മണിക്കൂർ മുന്‍മന്ത്രിയെ ചോദ്യം ചെയ്തിരുന്നു. ഇതിനിടെ മറ്റൊരു മന്ത്രിയെ യുവതിയുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് ചോദ്യം ചെയ്യുമെന്ന് സൂചനകൾ പുറത്ത് വന്നെങ്കിലും അന്വേഷണസംഘം ഇതുവരെ നടപടികളിലേക്ക് കടന്നിട്ടില്ല.