ബംഗ്ലൂരു: കർണാടകത്തിൽ സിഡി വിവാദത്തിൽ നിർണായക വഴിത്തിരിവ്. പരാതിയുമായി മുന്നോട്ടുപോകാനില്ലെന്ന് ആക്ടിവിസ്റ്റായ പരാതിക്കാരൻ അറിയിച്ചു. അഞ്ച് കോടി രൂപ നൽകാൻ തയാറാകാഞ്ഞതുകൊണ്ടാണ് ഈ വിവാദം ഉണ്ടായതെന്ന് മുൻ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ആരോപിച്ചിരുന്നു. ഇതിൽ മനം നൊന്താണ് പിന്മാറ്റമെന്നാണ് പരാതിക്കാരന്റെ വിശദീകരണം. 

മന്ത്രിയുടെ രാജിയിലേക്ക് വരെ നയിച്ച ലൈംഗിക പീഡന വിവാദത്തിൽ ഇതോടെ പരാതിക്കാരില്ലാതാവുകയാണ്. സർക്കാർ ജോലി വാഗ്ദാനം ചെയ്തു മന്ത്രി പീഡിപ്പിച്ച പെൺകുട്ടി സഹായത്തിനായി തന്നെ സമീപിച്ചെന്നു അവകാശപ്പെട്ടു ആക്ടിവിസ്റ്റായ ദിനേശ് കലഹള്ളിയാണ് ആദ്യം പൊലീസിൽ പരാതി നൽകിയത്. ഇതോടൊപ്പം പെൺകുട്ടിയും മന്ത്രിയുമുള്ള സ്വകാര്യ ദൃശ്യങ്ങളും സമ‍ര്‍പ്പിച്ചിരുന്നു. എന്നാൽ 5 കോടി രൂപയുടെ ബ്ലാക്മെയിലിംഗ് ഡീൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ദൃശ്യങ്ങൾ പുറത്തു വന്നതെന്ന് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി ആരോപിച്ചിരുന്നു. 

വലിയ വിവാദമായ സംഭവത്തിൽ ബിജെപിയോട് മൃദുവായ കുമാരസ്വാമിയുടെ നിലപാട് വലിയ ചർച്ചയായിരുന്നു. കുമാരസ്വാമിയുടെ പ്രസ്താവന തനിക്ക് വലിയ വേദനയുണ്ടാക്കിയെന്നാണ് പരാതിക്കാരൻ പറയുന്നത്. അതുകൊണ്ടുതന്നെ പരാതിയുമായി ഇനി മുന്നോട്ട് പോകുന്നില്ലെന്നും ദിനേശ് കലഹള്ളി അഭിഭാഷകൻ മുഖേന പൊലീസിനെ അറിയിച്ചു. പരാതി നൽകിയതിന് ശേഷം തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ദിനേശ് നേരത്തെ പൊലീസിനെ അറിയിച്ചിരുന്നു. പീഡനത്തിനിരയായ പെൺകുട്ടി ഇതുവരെ പൊലീസിന് മുന്നിൽ പരാതിയുമായി എത്തിയിട്ടുമില്ല എന്നതും ദുരൂഹത കൂട്ടുന്നു. പരാതിക്കാരൻ അപ്രതീക്ഷിതമായി പിന്മാറിയതോടെ സിഡി വിവാദം ഹണിട്രാപ്പാണെന്ന പ്രചാരണം ശക്തമാക്കുകയാണ് ബിജെപി.