ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗഷേരയില്‍ വ്യോമാതിര്‍ത്തി ലംഘിച്ച് മൂന്ന് പാക് വിമാനങ്ങള്‍ ആക്രമണം നടത്തിയതിന് പിന്നാലെ വീണ്ടും പാക് പ്രകോപനം. കൃഷ്ണ ഘട്ടി പൂഞ്ചിലെ മെന്‍ധര്‍ മേഖലകളില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.

നേരത്തെ അതിര്‍ത്തി കടന്ന് പറന്നെത്തിയ മൂന്ന് എഫ്-16 പാക് വിമാനങ്ങളെ ഇന്ത്യ ശക്തമായി പ്രത്യാക്രമണം നടത്തി തിരിച്ചയച്ചിരുന്നു. ഇതില്‍ ഒരു പാക് വിമാനം ഇന്ത്യന്‍ സേന വെടിവച്ചിടുകയും ചെയ്തു. രജൗരിയിലെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ബോംബുകള്‍ ഉതിര്‍ത്തെങ്കിലും ആര്‍ക്കും ആളപായമുണ്ടായില്ല. പ്രത്യാക്രമണത്തിനിടെ ഇന്ത്യയുടെ ഒരു പോര്‍വിമാനം തകര്‍ന്ന് പൈലറ്റ് അമരീന്ദര്‍ പാക് സേനയുടെ പിടിയിലായതായി ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്.

Read More... അഭിനന്ദന്‍റെ സുരക്ഷ ഉറപ്പാക്കണം: പാക് കസ്റ്റഡിയിലെന്ന് സ്ഥിരീകരിച്ച് ഇന്ത്യ

നൗഷേരയിലെ ലാം താഴ്‍വരയിലാണ് വിമാനങ്ങളെത്തിയത്. അതിർത്തിയ്ക്ക് മൂന്ന് കിലോമീറ്റർ ഇപ്പുറത്തേക്ക് എത്തിയ വിമാനങ്ങൾക്ക് നേരെ ഇന്ത്യ തുടർച്ചയായി വെടിവച്ചു.  അതിർത്തിരേഖയ്ക്ക് അപ്പുറത്താണ് പാക് വിമാനം തകർന്ന് വീണത്. വിമാനം തകർന്ന് വീണതിന് പിന്നാലെ പൈലറ്റ് പാരച്യൂട്ടിൽ പറന്നിറങ്ങുന്നത് കണ്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പാക് പൈലറ്റിന് എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ വ്യക്തതയില്ല. 

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാക്കിസ്ഥാനില്‍ വ്യോമ മിന്നലാക്രമണം നടത്തിയതിന് പിന്നാലെ കശ്മീരില്‍ വിവിധിയടങ്ങളില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചിരുന്നു.