ദില്ലി: ക്ലാസ് മുറിയിലെ ഫാൻ തകർന്ന് വീണ് ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് സാരമായ പരിക്ക്. സംഭവത്തിൽ പരസ്പരം കുറ്റപ്പെടുത്തി ബിജെപിയും ആംആദ്‌മി പാർട്ടിയും രംഗത്തെത്തി.

ദില്ലി ത്രിലോക് പുരിയിലെ സർവോദയ ബാല വിദ്യാലയത്തിലാണ് സംഭവം. ഏഴാം ക്ലാസ് വിദ്യാർത്ഥി ഹർഷിന്റെ തലയിലാണ് ക്ലാസ് മുറിയിലെ ഫാൻ വീണത്. വിദ്യാർത്ഥിയെ ഉടനെ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചു.

തലക്കാണ് വിദ്യാർത്ഥിക്ക് പരിക്കേറ്റത്. വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ ഹർഷിനൊപ്പം അദ്ധ്യാപകനോ സ്കൂൾ പ്രിൻസിപ്പളോ ഉണ്ടായില്ലെന്ന് കുട്ടിയുടെ അമ്മാവൻ കുറ്റപ്പെടുത്തി. ആദ്യം ലാൽ ബഹദൂർ ശാസ്ത്രി ആശുപത്രിയിൽ കൊണ്ടുപോയ വിദ്യാർത്ഥിയെ സ്ഥിതി ഗുരുതരമായതിനാൽ ഗുരു തേജ് ബഹദൂർ ആശുപത്രിയിലേക്ക് മാറ്റി.

ആംആദ്മി പാർട്ടി കോടികളുടെ അഴിമതി നടത്തിയതുകൊണ്ടാണ് ഫാൻ തകർന്ന് വീണതെന്ന് ബിജെപി ദില്ലി അദ്ധ്യക്ഷൻ മനോജ് തിവാരി കുറ്റപ്പെടുത്തി.  എന്നാൽ രാഷ്ട്രീയ ലാഭം ഉണ്ടാക്കാനാണ് ബിജെപി നേതാവ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് ആംആദ്മി പാർട്ടി വക്താവ് സൗരഭ് ഭരദ്വാജ് പ്രതികരിച്ചു.