ദില്ലി: സമയം കൃത്യം അഞ്ചര. തിഹാർ ജയിലിന് മുന്നിൽ ആ‌ർപ്പുവിളികളുയർന്നു. 'ഇന്ത്യയുടെ മകൾ' എന്ന് രാജ്യം വേദനയോടെയും സ്നേഹത്തോടെയും വിളിച്ച നിർഭയയുടെ ഘാതകരെ തൂക്കിലേറ്റിയിരിക്കുന്നു എന്ന വാർത്ത പുറത്തേക്ക് വന്ന നിമിഷം. 

മരണങ്ങൾ ആഘോഷമായ കാഴ്ചയാണ് പിന്നീട് കണ്ടത്. കൊവിഡ് ഭീതി നിലനിൽക്കുന്നതിനിടെ, ആൾക്കൂട്ടങ്ങൾക്ക് വിലക്കുള്ള ദില്ലിയിൽ, ഇതെല്ലാം മറികടന്നും നൂറുകണക്കിന് പേർ ദില്ലിയിലെ തിഹാർ ജയിലിന് മുന്നിലെത്തി. കയ്യിൽ പ്ലക്കാർഡുകളുമേന്തിക്കൊണ്ട്. 

ഒരു നിമിഷം, അത് പഴയ ദില്ലി സമരകാലത്തെ ഓർമിപ്പിച്ചു. നിർഭയയ്ക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് മനുഷ്യർ ദില്ലിയിലെ തെരുവുകളിൽ ഇറങ്ങിയ ദിവസം. രാജ്പഥിൽ രാഷ്ട്രപതിഭവൻ ലക്ഷ്യമാക്കി നീങ്ങിയ ആ വൻ ജനാവലി ഭരണസിരാകേന്ദ്രങ്ങളെ ഞെട്ടിച്ചു. 'ഞങ്ങൾക്ക് നീതി വേണം', 'വീ വാണ്ട് ജസ്റ്റിസ്' എന്നീ മുദ്രാവാക്യങ്ങളാൽ റെയ്‍സിനാ കുന്ന് അക്ഷരാർത്ഥത്തിൽ ഞെട്ടിവിറച്ചു.

ആ ദിവസം ഇന്ത്യയുടെ രാഷ്ട്രീയത്തിൽത്തന്നെ മാറ്റങ്ങൾ കുറിച്ചു. സ്വാതന്ത്ര്യം ലഭിച്ച് അറുപതാണ്ട് കഴിഞ്ഞപ്പോഴെങ്കിലും സ്ത്രീസുരക്ഷ ഒരു പ്രചാരണവിഷയമായി. രാജ്യതലസ്ഥാനത്ത് മറ്റൊരു രാഷ്ട്രീയ വഴി പിറന്നു. ഇന്ന് ദില്ലി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്‍രിവാളിന്‍റെയും ആം ആദ്മി പാർട്ടിയുടെയും രാഷ്ട്രീയവള‍ർച്ചയ്ക്ക് വളമൊരുക്കി ആ റെയ്‍സിനാകുന്നിലെ പ്രതിഷേധങ്ങൾ.

ആ സമരങ്ങളിൽ ഉയർന്ന ആരവങ്ങൾക്ക് സമാനമായിരുന്നു ഇന്ന് തിഹാർ ജയിലിന് മുന്നിൽ കണ്ടത്. തേടിയ നീതി ഒടുവിൽ ലഭിച്ച ദിവസം. 'Thanks for Justice, judiciary' അഥവാ 'നീതിയ്ക്ക് നന്ദി' എന്നെഴുതിയ പ്ലക്കാർഡുകളും ദേശീയപതാകകളുമേന്തി സ്ത്രീകളടക്കമുള്ള ആൾക്കൂട്ടം നിരന്നു. 

Read more at: 'ഇത് പെൺകുട്ടികളുടെ പുതിയ പുലരി', നീതി ലഭിച്ചെന്ന് നിർഭയയുടെ അമ്മ

'ഇത് പെൺകുട്ടികളുടെ പുതിയ പ്രഭാതം', എന്നാണ് നിർഭയയുടെ അമ്മ ആശാദേവി പറഞ്ഞത്. നിറഞ്ഞ കണ്ണുകളോടെയാണ് വീടിന് പുറത്തേയ്ക്ക് വന്നതെങ്കിലും അവർ മൈക്കുകൾക്ക് മുന്നിൽ, മാധ്യമപ്രവർത്തകർക്ക് മുന്നിൽ ഒട്ടും നിയന്ത്രണം വിട്ടില്ല. ''നിർഭയയുടെ അമ്മ' എന്നാണ് നിങ്ങളെന്നെ അറിയുക. അങ്ങനെയാണ് നിങ്ങളെനിക്ക് ഒപ്പം നിന്നത്. അവളെ നിങ്ങൾ ഇപ്പോൾ വിളിക്കുന്ന പേരില്ലേ? 'നിർഭയ' എന്ന്? അതായിരുന്നു അവൾ. ഭയമില്ലാത്തവൾ. അവളിന്ന് ജീവനോടെയില്ല. അവളെ രക്ഷിക്കാൻ ഞങ്ങൾക്കായില്ല. പക്ഷേ, അവൾക്ക് വേണ്ടി, ഈ രാജ്യത്തെ ലക്ഷക്കണക്കിന് സ്ത്രീകൾക്ക് വേണ്ടി ഞാനിതാ പറയുന്നു. 'ഒടുവിൽ എന്‍റെ മകൾക്ക് നീതി ലഭിച്ചു'. നന്ദിയുണ്ട് രാജ്യത്തെ നിയമസംവിധാനത്തിനോട്. ഞാനൊറ്റയ്ക്കല്ല ഈ പോരാട്ടം നടത്തിയത്. രാജ്യത്തെ നിരവധി സ്ത്രീകൾ എനിക്കൊപ്പമുണ്ടായിരുന്നു'', എന്ന് പറഞ്ഞവസാനിപ്പിക്കുന്നു ആശാദേവി. 

കനത്ത സുരക്ഷയാണ് തിഹാർ ജയിലിന് മുന്നിൽ ഇന്ന് ഒരുക്കിയിരുന്നത്. അർദ്ധസൈനിക വിഭാഗവും ദില്ലി പൊലീസും ചേർന്ന് സുരക്ഷയൊരുക്കി. 

കൊവിഡ് 19- ബാധ ദില്ലിയെ ഭയപ്പെടുത്തുന്ന കാലമാണിത്. 20-ൽ കൂടുതൽ പേർ ഒന്നിച്ച് കൂടുന്ന എല്ലാ പരിപാടികളും റദ്ദാക്കണമെന്നും, കൂട്ടം കൂടാൻ പാടില്ലെന്നും കർശനമായ വിലക്ക് നിലനിൽക്കുന്ന കാലം. എന്നാൽ ഇതെല്ലാം തൽക്കാലം തിഹാർ ജയിലിന് മുന്നിൽ കൂട്ടം കൂടിയ ജനങ്ങൾ മറക്കുന്നു. ബാനറുകളുമായി എത്തിയ അവർ ഏറെക്കാലമായി കാത്തിരുന്ന വാർത്ത കേട്ട് മടങ്ങിപ്പോകുന്നു.

ഇതോടെ രാജ്യത്ത്, അതിക്രമത്തിന് ഇരയായ സ്ത്രീകൾക്കെല്ലാം നീതി ലഭിച്ചോ? ഇതോടെ രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിക്കുമോ? വധശിക്ഷ കൊണ്ട് അതിക്രൂരമായ ആക്രമണങ്ങൾക്ക് ഇരയായ പെൺകുട്ടിയ്ക്ക് 'നീതി' ലഭിക്കുമോ? എന്ന ചോദ്യങ്ങളെല്ലാം അവിടെ നിലനിൽക്കുന്നു. ഇല്ലെന്ന് തന്നെയാണ് ഉത്തരമെങ്കിലും നീതി തേടിയുള്ള ലക്ഷണക്കണക്കിന് പോരാട്ടങ്ങളിൽ ഒരെണ്ണത്തിനെങ്കിലും ഒടുവിൽ പരിസമാപ്തിയാകുന്നു. 'അതിവേഗം' നടന്ന വിചാരണയുടെ വിധി നടപ്പായത് ഏഴ് വർഷവും മൂന്ന് മാസവും പിന്നിട്ട ശേഷമാണെന്ന് മാത്രം.