ഭരണഘടന ഉയർത്തി പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെതിരെ വിമ‌ർശനം ശക്തമാക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം

ദില്ലി: ജൂൺ 25 ഇനി ഭരണഘടനാ ഹത്യാ ദിനമായി ആചരിക്കുമെന്ന് കേന്ദ്രസർക്കാർ. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975 ജൂൺ 25 നാണ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ഭരണഘടന ഉയർത്തി പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെതിരെ വിമ‌ർശനം ശക്തമാക്കുമ്പോഴാണ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനെ ഭരണഘടനാ ഹത്യ ദിവസമായി ആചരിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

പാർലമെന്റിനകത്തും പുറത്തും രാഹുൽ ​ഗാന്ധിയുടെ നേതൃത്ത്വത്തിൽ ഭരണഘടന ഉയർത്തി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് കേന്ദ്രസർക്കാറിന്റെ അസാധാരണ നീക്കം. 1974 ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ​ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 ഇനിമുതൽ ഭരണഘടന ഹത്യാ ദിനമായി ആചരിക്കുമെന്നാണ് വിജ്ഞാപനം ഇറക്കിയത്.

അടിയന്തരാവസ്ഥക്കാലത്തെ കടുത്ത അധികാര ദുർവിനിയോ​ഗത്തിനെതിരെ പോരാടുകയും, ദുരിതം അനുഭവിക്കുകയും ചെയ്ത എല്ലാവർക്കും ആ​ദരമർപ്പിക്കാനാണ് നടപടിയെന്ന് അമിത് ഷാ വിശദീകരിച്ചു. കോൺഗ്രസ് ഭരണത്തിലെ കറുത്ത അദ്ധ്യായം രാജ്യം മറക്കിലെന്ന് പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചു. ജൂൺ നാല് മോദി മുക്ത ദിനമായാണ് ആചരിക്കേണ്ടത് എന്ന് കോൺഗ്രസ് തിരിച്ചടിച്ചു. പത്തു കൊല്ലം അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കിയ മോദിയുടേത് തട്ടിപ്പെന്നും കോൺഗ്രസ് പ്രതികരിച്ചു.

കേന്ദ്ര സർക്കാരിൻറെ നീക്കത്തിനെതിരെ ഇന്ത്യ സഖ്യത്തിലെ ആർജെഡി, ആംആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികളും രൂക്ഷ വിമർശനം ഉയർത്തി. അടിയന്തരാവസ്ഥക്കെതിരെ ശക്തമായ നിലപാടെടുത്ത പാർട്ടികളിൽ നിന്ന് കോൺഗ്രസിനെ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യവും മോദിക്കുണ്ട്. ബിജെപി 400 കടക്കുന്നത് ഭരണഘടനയും അതുവഴി സംവരണവും അട്ടിമറിക്കാനെന്ന പ്രചാരണം ഇപ്പോഴും ബിജെപിക്ക് മുറിവേൽപിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം ഇത് മറികടക്കാനുള്ള വഴികൾ തേടുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്