ദില്ലി: ന്യുമോണിയ രോ​​ഗികളെയും കൊവിഡ് 19 പരിശോധന നടത്തുമെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. രോഗ ബാധിതരുമായി സമ്പര്‍ക്കം നടത്തിയവരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും വിദേശ യാത്രകൾ നടത്തിയിട്ടില്ലെങ്കിലും നിർബന്ധമായും കൊവിഡ് 19 പരിശോധനയ്ക്ക് വിധേയരാകണമെന്നാണ് ആരോ​ഗ്യമന്ത്രാലയത്തിന്റെ കർശനമായ നിർദ്ദശം. എല്ലാ പൊതു സ്വകാര്യ ആശുപത്രികള്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ന്യൂമോണിയ രോഗികള്‍ ആരോഗ്യ കേന്ദ്രങ്ങളുമായോ പരിശോധനാ കേന്ദ്രങ്ങളിലോ ബന്ധപ്പെടണമെന്നാണ് നിര്‍ദേശം.

അതിനിടെ രാജ്യത്ത് കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 265 ആയി. രാജ്യത്തെ ഇതുവരെ 22 സംസ്ഥാനങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മധ്യപ്രദേശും ഹിമാചല്‍ പ്രദേശമാണ് പുതുതായി ഈ പട്ടികയില്‍ ഇടംപിടിച്ചത്. മധ്യപ്രദേശില്‍ നാല് പേര്‍ക്കും ഹിമാചലില്‍ രണ്ട് പേര്‍ക്കും കഴിഞ്ഞ ദിവസം രോഗം കണ്ടെത്തി. കൊറോണ വ്യാപനം തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള നടപടികള്‍ സംബന്ധിച്ച് കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച ചെയ്തിരുന്നു.

ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനാലായിരത്തി അറുനൂറ് കവിഞ്ഞു. 3,35,403 ആളുകളിലാണ് ഇത് വരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒറ്റ ദിവസം മാത്രം 651 പേര്‍ മരിച്ചതോടെ ഇറ്റലിയില്‍ മരണസംഖ്യ 5476 ആയി.