ദില്ലി: കൊവിഡ് 19 ബാധയെ തുടര്‍ന്ന് രാജ്യം 21 ദിവസം ലോക്ക്ഡൗണായ സാഹചര്യത്തില്‍ കൂടുതല്‍ സാമ്പത്തിക സഹായം കേന്ദ്രം പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ പ്രഖ്യാപിച്ച 15,000 കോടിയുടെ ധനസഹായത്തിന് പുറമെ, 1.5 ലക്ഷം കോടിയുടെ രക്ഷാപാക്കേജ് പ്രഖ്യാപിക്കുമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര വാര്‍ത്താഏജന്‍സിയായ റോയിട്ടേഴ്‌സാണ് ആദ്യം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

ഇന്ത്യ ഇതുവരെ സമ്പൂര്‍ണമായ പാക്കേജ് തയ്യാറാക്കിയിട്ടില്ല. പാക്കേജുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ധനമന്ത്രാലയവും റിസര്‍വ് ബാങ്കുമായി ചര്‍ച്ച നടത്തുകയാണ്. 2.3 ലക്ഷം കോടിവരെ പാക്കേജ് തുക എത്താമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈയാഴ്ച അവസാനത്തോടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചനകള്‍. നേരത്തെ കൊവിഡ് 19 പശ്ചാത്തലത്തില്‍ രണ്ട് ലക്ഷം കോടി ഡോളറിന്റെ രക്ഷാപാക്കേജ് പ്രഖ്യാപിച്ചിരുന്നു. നേരത്തെ പ്രധാനമന്ത്രി പ്രഖ്യാപിച്ച 15,000 കോടിയുടെ പാക്കേജ് പര്യാപ്തമാകില്ലെന്ന് നിരവധി കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.