ജ്യോതി വഴി പാക്ക് നയതന്ത്ര ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിച്ച മറ്റ് യൂട്യൂബർമാരിലേക്കും കേന്ദ്ര ഏജൻസികൾ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ദില്ലി: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്രയെ ഇന്‍റലിജൻസ് ബ്യൂറോ അടക്കം കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തു. ജ്യോതി പങ്കുവച്ച വിവരങ്ങളുടെ സ്വഭാവത്തെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ തേടി. ലഡാക്കിൽ അടക്കം ജ്യോതി നടത്തിയ യാത്രകളിലും അന്വേഷണം നടക്കുകയാണ്. അതേസമയം ജ്യോതിയുടെ വസതിയിൽ നടത്തിയ പരിശോധനയിൽ ചില രേഖകൾ പിടികൂടിയെന്നാണ് വിവരം. ജ്യോതി മൽഹോത്ര വഴി പാക്ക് നയതന്ത്ര ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിച്ച മറ്റ് യൂട്യൂബർമാരിലേക്കും കേന്ദ്ര ഏജൻസികൾ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ജ്യോതി മൽഹോത്ര നിരവധി തവണ പാകിസ്ഥാൻ സന്ദർശിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന് തൊട്ടുമുമ്പ് പാകിസ്താൻ സന്ദർശിച്ച ജ്യോതി ചൈനയിലും സന്ദർശനം നടത്തിയതായാണ് വിവരം. ജ്യോതി പാകിസ്ഥാനിലേക്ക് പോയതെല്ലാം സ്പോൺസർമാരുടെ സഹായത്തോടെയാണ്. ദില്ലിയിലെ പാകിസ്ഥാൻ ഹൈകമ്മീഷനിൽ നടന്ന ഇഫ്താർ വിരുന്നിലും ജ്യോതി പങ്കെടുത്തിരുന്നു. ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥൻ ഡാനിഷ് അടക്കമുള്ളവരോടൊപ്പമുള്ള ജ്യോതിയുടെ വീഡിയോ യൂട്യൂബ് ചാനലിലുണ്ട്. മെയ് 13 ന് ഈ ഉദ്യോഗസ്ഥനോട് ഇന്ത്യ വിടാൻ അധികൃതർ നിർദേശിച്ചിരുന്നു.
ഹരിയാന ഹിസാർ സ്വദേശിയായ ട്രാവൽ വ്‌ളോഗറും യൂട്യൂബറുമായ 33കാരി ജ്യോതി മൽഹോത്രയെ ഹരിയാന പൊലീസ് ആണ് പാക് ബന്ധത്തിന്‍റെ പേരിൽ അറസ്റ്റ് ചെയ്യുന്നത്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചാര പ്രവർത്തനങ്ങളിലേർപ്പെടുന്നവരെ കണ്ടെത്താൻ ഇന്ത്യൻ ഏജൻസികൾ സമൂഹമാധ്യമങ്ങളിലടക്കം നിരീക്ഷണം ശക്തമാക്കിയതിന് പിന്നാലെയാണ് പ്രമുഖ വ്ലോഗറായ ജ്യോതി മൽഹോത്ര അറസ്റ്റിലാവുന്നത്.
2023 ൽ ദില്ലിയിലെ പാക്കിസ്ഥാൻ ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥനായ ഡാനിഷിന്റെ സഹായത്തോടെയാണ് ജ്യോതി പാക്കിസ്ഥാനിലേക്ക് പോയത്. ഡാനിഷ് പരിചയപ്പെടുത്തിയ ചിലരാണ് അവിടെ നിരവധി സ്ഥലങ്ങൾ സന്ദർശിക്കാൻ ജ്യോതിയെ സഹായിച്ചത്. പാക് സന്ദർശനത്തിലൂടെ പാക്കിസ്ഥാനിലെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ ഉദ്യോഗസ്ഥരുമായടക്കം ജ്യോതി അടുത്ത ബന്ധം സ്ഥാപിച്ചെന്നാണ് അന്വേഷണത്തിൽ വ്യക്തമായതോടെയാണ് അറസ്റ്റിലേക്ക് പൊലീസ് കടന്നത്. അലി ഇഹ്വാൻ, ഷാക്കിർ, റാണ ഷഹ്ബാസ് എന്നിവരാണ് ജ്യോതിയുമായി നിരന്തരം ബന്ധപ്പെട്ട മറ്റ് പാക്കിസ്ഥാൻ സ്വദേശികൾ. ഇവരെല്ലാം ഐഎസ്ഐ ഏജന്റുമാരാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.
കൊവിഡ് കാലത്ത് ജോലി ഉപേക്ഷിച്ചാണ് മുഴുവൻ സമയ വ്ലോഗറായി 33 കാരിയായ ജ്യോതി രംഗത്തെത്തുന്നത്. ഹരിയാന പൊലീസ് രെജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ജ്യോതി റാണിയെന്നാണ് യഥാർത്ഥ പേര്. ട്രാവൽ വിത്ത് ജോ എന്ന പേരിലുള്ള ജ്യോതിയുടെ യൂട്യൂബ് ചാനലിന് മൂന്ന് ലക്ഷത്തി എഴുപത്തേഴായിരം ഫോളോവേഴ്സുണ്ട്. ഇൻസ്റ്റഗ്രാമിൽ ഒന്നരലക്ഷത്തിനടുത്തും, ഫേസ്ബുക്കിൽ മൂന്ന് ലക്ഷത്തിലധികവും ഫോളോവേഴ്സുണ്ട്.


