റെയില്‍വെക്ക് കൂടുതല്‍ വരുമാനം നല്‍കുന്നതാണ് പദ്ധതിയെന്നും 1.2 ലക്ഷം തൊഴില്‍ സൃഷ്ടിക്കപ്പെടുമെന്നും കേന്ദ്ര സർക്കാര്‍ .സംസ്ഥാന, കേന്ദ്ര വിദ്യാലയങ്ങളും നവോദയയും ഉള്‍പ്പെട പതിനാലായിരത്തോളം  സ്കൂളുകള്‍ നവീകരിക്കുന്ന പിഎം ശ്രീ സ്കൂള്‍ പദ്ധതിക്കും അനുമതി

ദില്ലി:പ്രധാനമന്ത്രി ഗതിശക്തി പദ്ധതിക്കായി റെയില്‍വേ ഭൂമി ദീർഘകാലത്തേക്ക് പാട്ടത്തിന് നല്‍കാൻ കേന്ദ്രമന്ത്രി സഭ അനുമതി . റെയില്‍വെയ്ക്ക് കൂടുതല്‍ വരുമാനം നല്‍കുന്നതാണ് പദ്ധതിയെന്നും 1.2 ലക്ഷം തൊഴില്‍ സൃഷ്ടിക്കപ്പെടുമെന്നും സർക്കാര്‍ വ്യക്തമാക്കി. പിഎം ശ്രീ സ്കൂള്‍ പദ്ധതിക്കും കേന്ദ്രമന്ത്രിയസഭ യോഗം അനുമതി നല്‍കി. സംസ്ഥാന, കേന്ദ്ര വിദ്യാലയങ്ങളും നവോദയയും ഉള്‍പ്പെട പതിനാലായിരത്തോളം സ്കൂളുകള്‍ നവീകരിക്കുന്നതാണ് പദ്ധതി. ഇരുപത്തിയേഴായിരം കോടി ചെലവ് വരുത്തുന്ന പദ്ധതിയുടെ അറുപത് ശതമാനം കേന്ദ്രവും നാല്‍പ്പത് ശതമാനം സംസ്ഥാനവും ആകും വഹിക്കുക. 

പുതിയ ഡാറ്റാ സംരക്ഷണ ബില്‍ ഉടനെന്ന് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമന്‍ അറിയിച്ചു. എല്ലാ മേഖലയിലും കൂടിയാലോചനകൾ നടത്തിയായിരിക്കും പുതിയ ബില്ല് കൊണ്ടുവരികയെന്നും നിർമലാ സീതാരാമന്‍ പറഞ്ഞു. നേരത്തെ പാർലമെന്‍റില്‍ അവതരിപ്പിച്ച ബില്‍ കേന്ദ്രസർക്കാർ പിന്‍വലിച്ചിരുന്നു. ജോയിന്‍റ് പാർലമെന്‍റ് കമ്മറ്റി ബില്ലില്‍ 81 ഭേദഗതികൾ നിർദേശിച്ചതിനെ തുടർന്നായിരുന്നു ബില്‍ പിന്‍വലിച്ചത്. 

രാജ്‍പഥ് ഇനി കർത്തവ്യ പഥ്

പേരുമാറ്റാനുള്ള ശുപാർശ ന്യൂഡല്‍ഹി മുനിസിപ്പല്‍ കോർപ്പറേഷന്‍ അംഗീകരിച്ചു. എന്‍ഡിഎംസി കൗൺസില്‍ പ്രത്യേക യോഗം ചേർന്നാണ് ഇന്ന് തീരുമാനമെടുത്തത്. നേതാജി പ്രതിമ മുതല്‍ രാഷ്ട്രപതി ഭവന്‍ വരെയുള്ള പാതയും സമീപത്തെ പുല്‍ത്തകിടിയും ഉൾപ്പെടെയാണ് ഇനി കർത്തവ്യപഥ് എന്നറിയിപ്പെടുക. കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. സെന്‍ട്രല്‍ വിസ്ത പദ്ദതിയുടെ ഭാഗമായി 608 കോടി രൂപ ചിലവിട്ട് പുതുക്കിപണിത കർത്തവ്യ പഥ് നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ശേഷം പൊതുജനങ്ങൾക്കായി തുറന്നു നല്‍കും.