മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിന് കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ധാരണ, പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലേക്ക് പോകുന്നതിന് മുന്നോടിയായി ചേർന്ന് അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം ഉണ്ടായിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 2:15നാണ് പ്രധാനമന്ത്രി ബ്രിക്സ് ഉച്ചകോടിക്കായി പുറപ്പെടേണ്ടിയിരുന്നതാണ്. എന്നാൽ അടിയന്തര യോഗം വിളിച്ച് ചേർത്തത് മൂലം പ്രധാനമന്ത്രിയുടെ യാത്ര അടക്കം വൈകുകയായിരുന്നു. ബിജെപി എംഎൽഎമാരെ അടക്കം ശരത് പവാർ ബന്ധപ്പെട്ട സാഹചര്യത്തിലാണ് അടിയന്തര നീക്കം നടത്തിയിരിക്കുന്നത്. 

ഭരണത്തിന് ശുപാർശ ചെയ്തിട്ടില്ലെന്ന ഗവർണറുടെ ഓഫീസിന്‍റെ വിശദീകരണത്തിന് പിന്നാലെയാണ് മന്ത്രിസഭയുടെ തീരുമാനം പുറത്ത് വരുന്നത്. രാഷ്ട്രപതി ഭരണത്തിനുള്ള ശുപാർശ നൽകിയെന്ന ചില ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഗവർണറുടെ ഓഫീസ് തന്നെ ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്. അതിനിടെ സർക്കാർ രൂപീകരിക്കാൻ ഗവർണർ സാവകാശം നൽകുന്നില്ലെന്ന് ആരോപിച്ച് ശിവസേന സുപ്രീം കോടതിയെ സമീപിച്ചു. ബിജെപിക്ക് 48 മണിക്കൂർ സാവകാശം നൽകിയ ഗവർണർ 24 മണിക്കൂർ മാത്രമാണ് ശിവസേനയ്ക്ക് നൽകിയതെന്ന പരാതി നേരത്തെ തന്നെ പാർട്ടി വൃത്തങ്ങൾ ഉന്നയിച്ചിരുന്നു. 

സർക്കാർ രൂപീകരണം സംബന്ധിച്ച് എല്ലാ തീരുമാനങ്ങളുമെടുക്കാൻ ശരത് പവാറിനെ ചുമതലപ്പെടുത്തിയെന്ന് എൻസിപി വ്യക്തമാക്കി. എംഎൽഎമാരുടെ യോഗത്തിന് ശേഷമാണ് എൻസിപി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.  കോൺഗ്രസ് നേതാക്കളും ശരത് പവാറും തമ്മിൽ നടക്കുന്ന അന്തിമ ചർച്ചയ്ക്ക് ശേഷമായിരിക്കും തീരുമാനമെന്നാണ് എൻസിപി ഇപ്പോൾ പറയുന്നത് വൈകിട്ട് അഞ്ച് മണിക്കാണ് ചർച്ച. 

ഇന്ന് രാവിലെ സോണിയ ഗാന്ധിയുടെ വസതിയിൽ കോൺഗ്രസ് ഉന്നതതല യോഗം ചേർന്നിരുന്നു. കോൺഗ്രസ് അധ്യക്ഷ ശരത് പവാറിനെ ഫോണിൽ വിളിച്ച് സംസാരിച്ചു. ഇതിന് ശേഷം അഹമ്മദ് പട്ടേലിനെയും മല്ലികാർജുൻ ഖാർഗയെയും കെ സി വേണുഗോപാലിനെയും ശരത് പവാറുമായി ചർച്ച നടത്താൻ നിയോഗിച്ചു. ഇവർ മൂന്ന് പേരും മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. 

 ഇന്ന് വൈകിട്ട് എട്ടര വരെയാണ് എൻസിപിക്ക് നൽകിയിരിക്കുന്ന സമയം. ഇതിനിടെ ശിവസേന ഉൾപ്പെട്ട സർക്കാർ രൂപീകരണത്തിന് കോൺഗ്രസ് പുതിയ ഉപാധികൾ മുന്നോട്ട് വച്ചു. ചില കാര്യങ്ങൾ ശിവസേന എഴുതി നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. മതേതരത്വം നിലനിർത്തുന്നത് അടക്കമുള്ള കാര്യങ്ങളാണ് കോൺഗ്രസ് എഴുതി നൽകാൻ ആവശ്യപ്പെട്ടതെന്നാണ് സൂചന. ശിവസേനയുടെ പിന്തുണയില്ലാതെ സർക്കാർ രൂപീകരിക്കാൻ കഴിയില്ലെന്ന കാര്യം വൈകിട്ടത്തെ ചർച്ചയിൽ വ്യക്തമാക്കുമെന്ന് എൻസിപി അറിയിച്ചു.