ശരൽക്കാലത്തിലെ നവരാത്രി ആഘോഷം ഭക്തിസാന്ദ്രമാക്കാൻ ദേവീ മാഹാത്മ്യം, ലളിതാ സഹസ്രനാമം, ചണ്ഡീപാഠം എന്നിങ്ങനെയുള്ള ദേവീ സ്തുതികൾ പ്രയോജനപ്പെടുത്തണം എന്ന ട്വീറ്റുമായി കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. മുത്തുസ്വാമി ദീക്ഷിതർ ചിട്ടപ്പെടുത്തിയ നവവർണ കൃതികൾ ഓരോ ദിവസവും ഓരോന്ന് വീതം പല്ലവി, അനുപല്ലവി, ചരണം എന്നിവ വിശദീകരിച്ച് പരിചയപ്പെടുത്തുമെന്നാണ് ധനമന്ത്രി ട്വീറ്റിൽ വാഗ്ദാനം ചെയ്തിട്ടുള്ളത്. 

ദേവിയെ സ്തുതിക്കുന്നതിന്റെ താന്ത്രിക ഭാവമാണ് ഈ സ്തുതികളിൽ പടർത്തിയിട്ടുള്ളത് എന്ന് നിർമല പറയുന്നു. സങ്കീർണ്ണമായ താന്ത്രിക ചര്യകൾ ലളിതവും വികാരസാന്ദ്രവുമായ കൃതികളിലേക്ക് ഒതുക്കി വെച്ചിരിക്കുന്നത് എത്രമനോഹരമായിട്ടാണ് എന്ന് മന്ത്രി ട്വീറ്റിൽ പറയുന്നു. തോഡി, ആനന്ദഭൈരവി, കല്യാണി, ശങ്കരാഭരണം, കാംബോജി, ഭൈരവി, പുന്നഗവരാളി, ഷഹാന, ഘണ്ട, ആഹിരി, ശ്രീ എന്നീ രാഗങ്ങളിൽ  രാഗങ്ങളിൽ ചിട്ടപ്പെടുത്തിയ കൃതികൾ ധ്യാന-കീർത്തന-മംഗളങ്ങളിലൂടെയാണ് പരിസമാപ്തിയിലേക്ക് എത്തുന്നത് എന്നും നിർമല ട്വീറ്റിൽ പരാമർശിക്കുന്നുണ്ട്. 

നവവർണങ്ങളിൽ തിരുവാരൂർ വാഴും കമലാ ദേവിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സ്തുതികളാണ് എന്നും ഓരോ ദിവസവും ഓരോന്ന് വെച്ച് താൻ അർത്ഥ ഭാവങ്ങൾ വിശദീകരിക്കാൻ ശ്രമിക്കും എന്നും നിർമല സീതാരാമൻ അറിയിച്ചു. ആദ്യദിവസം, " കമലാംബികേ ആശ്രിത കല്പ ലതികേ, ചണ്ഡികേ..." എന്ന് തുടങ്ങുന്ന കൃതിയാണ് നിർമല വിശദീകരിച്ചിട്ടുള്ളത്.