ദില്ലി: പെൻഷൻ പ്രായം കുറയ്ക്കുമെന്ന വാർത്തകൾ തള്ളി കേന്ദ്ര സർക്കാർ. പെൻഷൻ  പ്രായം കുറയ്ക്കാൻ ഒരു തലത്തിലും ആലോചനയില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.  പെൻഷൻ പ്രായം 50 ആക്കാൻ സർക്കാർ ആലോചിക്കുന്നുവെന്ന അഭ്യുഹങ്ങളാണ്‌ മന്ത്രി തള്ളിയത്.

കൊവിഡ് 19 സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കാന്‍ സാധ്യതയുള്ള നടപടികളെ കുറിച്ച് നിരവധി ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ വെട്ടിക്കുറയ്ക്കുമെന്ന് നേരത്തെ പ്രചാരണങ്ങളുണ്ടായിരുന്നു. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ വിരമിക്കല്‍ പ്രായം 50 ആക്കി കുറച്ചേക്കും എന്ന് വാര്‍ത്ത വന്നതോടെയാണ് വിശദീകരണവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്.

ഒരു വാര്‍ത്താ വെബ്‍സൈറ്റാണ് പെന്‍ഷന്‍ പ്രായം കുറച്ചേക്കും എന്ന് റിപ്പോര്‍ട്ട് ചെയ്തത്.  കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ 30 ശതമാനം പെന്‍ഷന്‍ കുറയ്ക്കുമെന്നും 80 വയസിന് മുകളിലുള്ളവരുടെ പെന്‍ഷന്‍ റദ്ദാക്കിയേക്കുമെന്നുമായിരുന്നു നേരത്തെ സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം. 

എന്നാല്‍ ഈ പ്രചാരണം തെറ്റാണെന്നും കേന്ദ്ര സര്‍ക്കാരിന് ഇത്തരമൊരു പദ്ധതിയില്ലെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(പിഐബി) നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര നിലപാട് വ്യക്തമാക്കി ന്ത്രി ജിതേന്ദ്ര സിങ് തന്നെ രംഗത്ത് വന്നത്.