Asianet News MalayalamAsianet News Malayalam

സർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതിയുമായി കേന്ദ്രം; പദ്ധതി 'യുപിഎസ്' എന്ന പേരിൽ, 23 ലക്ഷം പേർക്ക് ​ഗുണം

എത്ര സർവ്വീസ് ഉണ്ടെങ്കിലും മിനിമം പെൻഷൻ പദ്ധതിയിൽ ഉറപ്പാക്കും. പെൻഷൻ പദ്ധതിയിൽ സർക്കാരിൻ്റെ വിഹിതം 18.5 ശതമാനമായി ഉയർത്തും. പുതിയ പദ്ധതി 2025 ഏപ്രിൽ ഒന്നു മുതലാണ് നടപ്പാക്കുക.

Central government agrees to implement new pension scheme for government employees
Author
First Published Aug 24, 2024, 8:08 PM IST | Last Updated Aug 24, 2024, 8:50 PM IST

ദില്ലി: കേന്ദ്ര സർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. യുപിഎസ് എന്ന പേരിൽ എല്ലാ ജീവനക്കാർക്കും മിനിമം പെൻഷൻ ഉറപ്പു നൽകുന്നതാണ് പുതിയ പദ്ധതി. ജീവനക്കാർ 10 ശതമാനം വിഹിതം നൽകണമെന്ന വ്യവസ്ഥ തുടരും. സർക്കാർ അടയ്ക്കുന്ന വിഹിതം 14 നിന്ന് 18.5 ആയി ഉയർത്താനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.

പഴയ പെൻഷൻ പദ്ധതിയിലെയും നിലവിലെ എൻപിഎസിലെയും വ്യവസ്ഥകൾ കൂട്ടിയിണക്കിയാണ് യൂണിഫൈഡ് പെൻഷൻ സ്കീം അഥവാ യുപിഎസ് എന്ന പേരിലുള്ള പെൻഷൻ പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. സർക്കാർ ജീവനക്കാർ പദ്ധതിയിലേക്ക് വിഹിതം നൽകണം എന്ന വ്യവസ്ഥയിൽ മാറ്റമുണ്ടാവില്ല. എന്നാൽ കേന്ദ്ര സർക്കാരിൻ്റെ വിഹിതം നിലവിലെ 14ൽ നിന്ന് 18.5 ശതമാനമായി ഉയർത്തും. പെൻഷൻ ഫണ്ടിലെ തുക എങ്ങനെ മാറിയാലും ഒരു നിശ്ചിത തുക പെൻഷനായി ഉറപ്പു നൽകുന്നതാണ് പുതിയ പദ്ധതി. 25 കൊല്ലം സർവ്വീസ് ഉള്ളവർക്ക് അവസാന 12 മാസത്തെ അടിസ്ഥാന ശമ്പളത്തിൻ്റെ ശരാശരിയുടെ 50 ശതമാനം പെൻഷൻ ഉറപ്പാക്കും. അതിൽ കുറവ് സർവ്വീസ് ഉള്ളവർക്ക് നിശ്ചിത പെൻഷൻ ഉണ്ടാകും. പത്തു വർഷം വരെയെങ്കിലും സർവ്വീസ് കഴിഞ്ഞ് ഇറങ്ങുന്നവർക്ക് കുറഞ്ഞത് 10,000 രൂപയെങ്കിലും പെൻഷൻ കിട്ടാനും വ്യവസ്ഥയുണ്ടാകും. 

ജീവനക്കാർ അവസാന മാസം വാങ്ങിയ പെൻഷൻ്റെ 60 ശതമാനം കുടുംബ പെൻഷനായി നൽകും. നാണ്യപെരുപ്പത്തിന് അനുസരിച്ച് ക്ഷാമ ആശ്വാസം നൽകി പെൻഷൻ തുക ഉയർത്താനുള്ള വ്യവസ്ഥ പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തും. അവസാന മാസത്തെ ശമ്പളത്തിൻ്റെ പത്തിലൊന്ന് സർവ്വീസിൻ്റെ ഒരോ ആറുമാസവും എന്ന നിലയ്ക്ക് കണക്കുകൂട്ടിയുള്ള ഒറ്റതവണ തുക വിരമിക്കുമ്പോൾ നൽകും. ഇത് പെൻഷൻ തുകയെ ബാധിക്കില്ല. സംസ്ഥാന സർക്കാരുകൾക്കും ഈ പദ്ധതി ആവശ്യമെങ്കിൽ നടപ്പാക്കാവുന്നതാണെന്നും കേന്ദ്രം അറിയിച്ചു

അടുത്തവർഷം ഏപ്രിൽ ഒന്നു മുതലാകും പുതിയ പദ്ധതി നടപ്പാക്കുക. അതുവരെ നിലവിലെ പെൻഷൻ സ്കീമിൽ വിരമിക്കുന്നവർക്കും പുതിയ പദ്ധതിയുടെ അടിസ്ഥാനത്തിലുള്ള ആനകൂല്യമാകും നൽകുക. ജീവനക്കാരുടെ സംഘടനകളുടെ പ്രതിനിധികൾ പ്രധാനമന്ത്രിയെ കണ്ട് പുതിയ പദ്ധതി കൊണ്ടു വന്നതിന് നന്ദി രേഖപ്പെടുത്തി. 

രഞ്ജിത്തിനെതിരെ കേസെടുക്കണം, പദവി ഒഴിയണം; മഹത്വം ചൂണ്ടികാട്ടിയ മന്ത്രിക്ക് പദവിയിൽ തുടരാൻ യോഗ്യതയില്ല: സുധാകരൻ

https://www.youtube.com/watch?v=Ko18SgceYX8

 

Latest Videos
Follow Us:
Download App:
  • android
  • ios