ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിഭാഗീയതയുടെ തലവനെന്ന് അഭിസംബോധന ചെയ്ത് ടൈം മാഗസിനില്‍ ലേഖനമെഴുതിയ ആതിഷ് തസീറിന് നോട്ടീസ് അയച്ച് കേന്ദ്ര സര്‍ക്കാര്‍. ആതിഷിന്‍ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് റദ്ദാക്കാനും നീക്കമുണ്ടെന്ന് ദേശീയ മാധ്യമമായ ദ പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്തു. 2019 മേയ് 20ന് പുറത്തിറങ്ങിയ ടൈം മാഗസിന്‍റെ കവര്‍ സ്റ്റോറിയായിരുന്നു പ്രധാനമന്ത്രിയെ വിഭാഗീയതയുടെ തലവനെന്ന് അഭിസംബോധന ചെയ്തത്.  

വിദേശത്തുള്ളവര്‍ക്ക് നിരവധി തവണ ആതിഷിന് ഇന്ത്യയില്‍ വരാനും, എത്ര കാലത്തേക്ക് രാജ്യത്ത് നില്‍ക്കാനും ഏത് സമയത്തും ഇന്ത്യയിലെത്താനും അനുമതി നല്‍കുന്നതാണ് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ്. ഇന്ത്യയില്‍ താമസിക്കുന്നവരല്ലാത്ത ഇന്ത്യക്കാരുടെ എല്ലാ അവകാശങ്ങളും ഈ കാര്‍ഡുടമകള്‍ക്കുണ്ട്. ആതിഷിന്‍റെ   ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് റദ്ദാക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാരെന്നാണ് സൂചന. 

പ്രധാനമന്ത്രിയുടെ പ്രതിഛായ മോശമാക്കാനുള്ള ശ്രമം എന്നാണ് തസീറിന്റെ ലേഖനത്തെ ബിജെപി വിമര്‍ശിച്ചത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ ഇതുവരെ ഉണ്ടായതിനേക്കാള്‍  വലിയ വിഭാഗീയതയാണ് നരേന്ദ്രമോദിക്ക് കീഴില്‍ നേരിടുന്നതെന്നായിരുന്നു ആതിഷിന്‍റെ ലേഖനം അവകാശപ്പെട്ടത്. ആള്‍ക്കൂട്ട കൊലപാതകം, യോഗി ആദിത്യനാഥിനെ യുപി മുഖ്യമന്ത്രിയാക്കിയത്, മലേഗാവ് സ്‌ഫോടനക്കേസ് ആരോപണവിധേയയായ പ്രാഗ്യാസിംഗ് ഠാക്കൂറിന്റെ സ്ഥാനാര്‍ത്ഥിത്വം ഇവയെല്ലാം ആതിഷിന്‍റെ ലേഖനത്തില്‍ വിമര്‍ശനത്തിന് വിധേയമായിരുന്നു. 

മാധ്യമപ്രവര്‍ത്തകയും ഇന്ത്യക്കാരിയുമായ തവ്ലീന്‍ സിങിന്‍റേയും പാകിസ്ഥാന്‍ സ്വദേശിയായ സല്‍മാന്‍ തസീറിന്‍റേയും മകനാണ് ആതിഷ് തസീര്‍. ബിസിനസുകാരനും സ്വതന്ത്ര നിലപാടുള്ള രാഷ്ട്രീയക്കാരനുമായ സല്‍മാന്‍ തസീറിനെ 2011 കൊലപ്പെടുത്തുകയായിരുന്നു. ആതിഷ് തസീര്‍ ലണ്ടനില്‍ ജനിക്കുകയും ഇന്ത്യയില്‍ വളരുകയും ചെയ്തയാളാണ്. 

നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുളള ആതിഷിന്‍റെ പൗരത്വം സംബന്ധിയായി നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.  ടൈം മാഗസിനിലെ ലേഖനം പുറത്തുവന്നതിന് പിന്നാലെ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് ആതിഷ് വിധേയനായിരുന്നു.