Asianet News MalayalamAsianet News Malayalam

സ്പുട്നിക്-1145, കൊവാക്സിൻ-1410, കൊവിഷീൽഡ്-780; സ്വകാര്യ ആശുപത്രികൾക്ക് വാക്സീൻ വില നിശ്ചയിച്ച് കേന്ദ്രം

കൊവിഷീൽഡിന് - 780 രൂപ, കൊവാക്സിന് - 1410, സ്പുട്നിക്ക് വിക്ക് - 1145 രൂപ വീതമാണ് ഈടാക്കാന്‍ കഴിയുക.പരമാവധി ഈ തുക മാത്രമെ സ്വകാര്യ ആശുപത്രികൾക്ക് ഈടാക്കാനാകൂവെന്നും കേന്ദ്രം വ്യക്തമാക്കി.

central government decide price for covid vaccine in private hospital
Author
New Delhi, First Published Jun 8, 2021, 10:04 PM IST

സ്വകാര്യ ആശുപത്രികളിലെ  കൊവിഡ് വാക്സിൻ കുത്തിവെപ്പിന് വില നിശ്ചയിച്ച് കേന്ദ്രം. കൊവിഷീൽഡിന് - 780 രൂപ, കൊവാക്സിന് - 1410, സ്പുട്നിക്ക് വിക്ക് - 1145 രൂപ വീതമാണ് ഈടാക്കാന്‍ കഴിയുക.പരമാവധി ഈ തുക മാത്രമെ സ്വകാര്യ ആശുപത്രികൾക്ക് ഈടാക്കാനാകൂവെന്നും കേന്ദ്രം വ്യക്തമാക്കി.

രോഗികളുടെ എണ്ണവും ജനസംഖ്യയും കണക്കാക്കിയാകും സംസ്ഥാനങ്ങൾക്ക് വാക്സീൻ വിതരണമെന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ പുതുക്കിയ മാര്‍ഗ്ഗരേഖ നേരത്തെ വിശദമാക്കിയിരുന്നു. വാക്സീൻ വിതരണം വീണ്ടും ഏറ്റെടുത്ത ശേഷമുള്ള പുതുക്കിയ മാര്‍ഗ്ഗരേഖയാണ് കേന്ദ്രം പുറത്തിറക്കിയത്. ജനസംഖ്യ, രോഗികളുടെ എണ്ണം, വാക്സീൻ വിതരണത്തിലെ കാര്യക്ഷമത എന്നിവ കണക്കാക്കിയാകും സംസ്ഥാനങ്ങൾക്കുള്ള ക്വാട്ട നിശ്ചയിക്കുക. വാക്സീൻ പാഴാക്കിയാൽ വിതരണത്തിൽ കുറവ് വരുത്തും. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്സീൻ നൽകുമ്പോൾ അതിന്‍റെ മുൻഗണനാ ക്രമം സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം. 

സ്വകാര്യ ആശുപത്രികൾക്ക് 25 ശതമാനം വാക്സീൻ വാങ്ങാനുള്ള അനുമതി നൽകിയിട്ടുണ്ട്. ഏതൊക്കെ സ്വകാര്യ ആശുപത്രികൾക്ക് വാക്സീൻ നൽകണം എന്നതിൽ തീരുമാനം വാക്സീൻ നിര്‍മ്മാണ കമ്പനികൾക്ക് വിട്ടു. വിലയും കമ്പനികൾക്ക് തന്നെ തീരുമാനിക്കാം. എന്നാൽ ഗ്രാമങ്ങളിലെ സ്വാകര്യ ആശുപത്രികൾക്ക് പരിഗണന നൽകണം. ഈമാസം 21 മുതലാണ് മാറ്റങ്ങൾ നിലവിൽ വരിക. പുതുക്കിയ മാര്‍ഗ്ഗരേഖ പുറത്തിറക്കിയതിന് പിന്നാലെ 19 കോടി കൊവാക്സീനും 25 കോടി കൊവിഷീൽഡിനും കേന്ദ്രം കരാര്‍ നൽകി. 

സെപ്റ്റംബറോടെ ബയോ ഇ വാക്സീന്‍റെ 30 കോടി ഡോസുകൂടി ലഭ്യമാകും. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സഹായിക്കാൻ ഇ-വൗച്ചര്‍ സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഒരാളെ സഹായിക്കാനുള്ള ഇ-വൗച്ചര്‍ ആര്‍ക്ക് വേണമെങ്കിലും വാങ്ങാനുള്ള സൗകര്യം ഉണ്ടാകും. 

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios