ഫിം​ഗർ നാല് വരെയാണ് ഇന്ത്യൻ അതിർത്തി എന്നത് തെറ്റാണ്. യഥാർത്ഥ നിയന്ത്രണ രേഖ ഫിം​​ഗർ എട്ടിലാണ്. അതുകൊണ്ടാണ് ഫിം​ഗർ എട്ട് വരെ സേന പട്രോളിം​ഗ് നടത്തിയതെന്നും പ്രതിരോധമന്ത്രാലയം പറഞ്ഞു. 

ദില്ലി: ചൈനയുമായുള്ള സേനാ പിന്മാറ്റ ധാരണയിൽ മറുപടിയുമായി കേന്ദ്രസർക്കാർ. ഇന്ത്യയുടെ ഒരു തുണ്ട് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. ഫിം​ഗർ നാല് വരെയാണ് ഇന്ത്യൻ അതിർത്തി എന്നത് തെറ്റാണ്. യഥാർത്ഥ നിയന്ത്രണ രേഖ ഫിം​​ഗർ എട്ടിലാണ്. അതുകൊണ്ടാണ് ഫിം​ഗർ എട്ട് വരെ സേന പട്രോളിം​ഗ് നടത്തിയത്. ഇനിയും പല തർക്കവിഷയങ്ങളും ചർച്ച ചെയ്യേണ്ടതുണ്ട്. സേനാ പിന്മാറ്റം പൂർത്തിയായി 48 മണിക്കൂറിനുള്ളിൽ ഇതു പരിഗണിക്കുന്നതായിരിക്കുമെന്നും പ്രതിരോധമന്ത്രാലയം പറഞ്ഞു. അതിർത്തിയിലെ പിൻമാറ്റത്തിനുള്ള ഇന്ത്യ ചൈന ധാരണ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി രം​ഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. 

ഉയർന്ന മലനിരകൾ പിടിച്ചെടുത്ത് ഇന്ത്യൻ സേന കൈവരിച്ച നേട്ടം ഇല്ലാതാക്കുന്നതാണ് ഇപ്പോഴത്തെ ധാരണയെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ഫിംഗ‍ർ നാല് നമ്മുടെ പ്രദേശമാണ്. ഇപ്പോൾ നമ്മൾ ഫിംഗർ മൂന്നിലേക്ക് മാറുകയാണ്. എന്തു കൊണ്ടാണ് പ്രധാനമന്ത്രി ഇന്ത്യയുടെ മണ്ണ് ചൈനയ്ക്ക് കൈമാറിയത്. പ്രധാനമന്ത്രി ചൈനയെ നേരിടാൻ കഴിയാത്ത വലിയ ഭീരുവാണ്. ഇതാണ് സത്യമെന്നും രാഹുൽ പറഞ്ഞു. ഇന്നലെ പാർലമെന്റിന്റെ ഇരുസഭകളിലും വിഷയം ഉന്നയിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കൂടിയാണ് പുറത്ത് രാഹുൽ ഗാന്ധിയുടെ പ്രചാരണം. 

Read Also: ഇന്ത്യാ ചൈന അതിർത്തിയിലെ പിൻമാറ്റത്തിൽ രാഷ്ട്രീയ നീക്കം; നരേന്ദ്ര മോദി ഇന്ത്യയുടെ മണ്ണ് അടിയറ വച്ചെന്ന് രാഹുൽ...