ദില്ലി: വാക്സീൻ സ്റ്റോക്ക് വിവരം രഹസ്യമായി വയ്ക്കണം എന്ന് സംസ്ഥാനങ്ങളോട് നിർദ്ദേശിച്ച് കേന്ദ്രം. തന്ത്രപ്രധാനമായ ഈ വിവരത്തിന്‍റെ അവകാശം കേന്ദ്രത്തിനാണെന്ന് സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വാക്സീൻ വിതരണം കേന്ദ്രം ഏറ്റെടുത്തതോടെയാണ് പുതിയ നിർദ്ദേശവുമായി ആരോഗ്യമന്ത്രാലയം രംഗത്ത് വരുന്നത്. ഓരോ സംസ്ഥാനത്തും ഉള്ള വാക്സീന്‍റെ കണക്ക് ഇവിൻ എന്ന പേരിലുള്ള ആപ്പിലാണ് രേഖപ്പെടുത്തുന്നത്. ഈ ആപ്ലിക്കേഷനില്‍ സംസ്ഥാനങ്ങൾക്ക് പുറമെ ജില്ലാതലത്തിലെ സ്റ്റോക്കും വ്യക്തമായി രേഖപ്പെടുത്തും. 

സംസ്ഥാനങ്ങൾ വാക്സീൻ വിവരം ഇതിൽ കൃത്യമായി അറിയിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തിൽ പറയുന്നു. എന്നാൽ വിവരങ്ങൾ പുറത്ത് പോകുന്നത് അനുവദിക്കാനാവില്ല. വാക്സീൻ എത്ര സ്റ്റോക്കുണ്ട് എന്നത് തന്ത്രപ്രധാന വിവരമാണ്. ഏത്ര ഊഷ്മാവിൽ ഇത് സൂക്ഷിച്ചിരിക്കുന്നു എന്ന വിവരവും കേന്ദ്രത്തിന്‍റെ മാത്രം അവകാശമെന്നും കേന്ദ്രസർക്കാരിന്‍റെ അനുമതി ഇല്ലാതെ ഇത് മാധ്യമങ്ങൾക്ക് നല്‍കുകയോ ഓൺലൈനിൽ ലഭ്യമാക്കുകയോ ചെയ്യരുത് എന്നുമാണ് നിർദ്ദേശം. 

അതേസമയം വാക്സീൻ വിതരണം സാമ്പത്തികരംഗം തിരിച്ചുകൊണ്ടുവരാൻ അനിവാര്യമെന്ന് ധനമന്ത്രാലയത്തിന്‍റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. സെപ്റ്റംബര്‍ മുപ്പതോടെ 18 വയസ്സിന് മുകളിലുള്ളവരിൽ 80 ശതമാനം പേരുടെയെങ്കിലും വാക്സിനേഷൻ പൂർത്തിയാക്കണം എന്നാണ് നിർദ്ദേശം. ഒരു ദിവസം 90 ലക്ഷം പേരുടെ വാക്സിനേഷൻ ആഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളിൽ ഇതിനായി വേണ്ടി വരും. ഇപ്പോൾ നടക്കുന്ന വാക്സിനേഷന്‍റെ മൂന്നിരട്ടിയാണിത്. വാക്സീൻ ഉത്പാദനം ജൂലൈയോടെ കൂടുമെങ്കിലും ഈ ലക്ഷ്യം കൈവരിക്കാനുള്ള ഉത്പാദനം ഉണ്ടാകുമോ എന്ന് വ്യക്തമല്ലെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.

സ്കൂളുകളിലും ഷോപ്പിംഗ് മാളുകളിലുമൊക്കെ 24 മണിക്കൂർ വാക്സീൻ മേളകൾ സംഘടിപ്പിക്കുക എന്ന നിർദ്ദേശവും ധനമന്ത്രാലയം മുന്നോട്ട് വച്ചിട്ടുണ്ട്. വാക്സിനേഷൻ തുടങ്ങിയ ശേഷമുള്ള ആദ്യ ആറു മാസം പാഴാക്കിയെന്ന വിമർശനത്തിനിടെയാണ് അടുത്ത മൂന്നുമാസത്തിൽ ഇത് തിരക്കിട്ട് തീർക്കാനുള്ള നീക്കത്തിലേക്ക് സർക്കാർ കടക്കുന്നത്.