ദില്ലി: കൊവിഡ് വാക്സിന്‍ വികസനത്തിന് കേന്ദ്രം 900 കോടി രൂപ അനുവദിച്ചു. മിഷന്‍ കൊവിഡ് സുരക്ഷ പാക്കേജില്‍ നിന്നാണ് തുക അനുവദിച്ചത്. ബയോടെക്നോളജി വകുപ്പിനാണ് തുക കൈമാറുക. ഇന്ത്യയിൽ ആദ്യം വിപണിയിലെത്താൻ തയാറെടുക്കുന്ന കൊവിഡ് വാക്സിനാണ് കൊവിഷീൽ‍‍‍‍‍ഡ്.

മൂന്നാം ഘട്ട ക്ലിനിക്കൽ പരിശോധനയും പൂർത്തിയായതിനാൽ ഇനി അടിയന്തരമായി പുറത്തിറക്കാനുള്ള സർക്കാർ അനുമതിക്കായാണ് പൂനെ സിറം ഇൻസ്റ്റിറ്റ്യട്ട് കാത്തിരിക്കുന്നത്. രണ്ടാഴ്ചയ്ക്കകം അത് ലഭ്യമാക്കാനുള്ള അപേക്ഷ നൽകും. ഡിസംബർ അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. 

പക്ഷെ രോഗം ഗുരുതരമാകാൻ സാധ്യതയുള്ള പ്രായവിഭാഗക്കാർക്ക് ആദ്യഘട്ടത്തിൽ വാക്സിൻ നൽകില്ല. 18നും 65നും ഇടയിലുള്ളവരിലാണ്   വാക്സീൻ ട്രയൽ പൂ‍ർത്തിയാക്കിയത്. അതിനാൽ ഈ വിഭാഗക്കാർക്ക് മാത്രമാണ് തുടക്കത്തിൽ വാക്സിൻ നൽകാനാവുക. നിലവിലെ ട്രയലിൽ നിന്ന് ഒഴിവാക്കപ്പെട്ട വിഭാഗക്കാരിൽ ആദ്യഘട്ട വാക്സിൻ പുറത്തിറങ്ങിയതിന് പിന്നാലെ ക്ലിനിക്കൽ ട്രയൽ പൂർത്തിയാക്കാനാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഇപ്പോഴത്തെ ശ്രമം. 

ഫലപ്രാപ്തി ഉറപ്പാക്കിയതിന് ശേഷം 65 വയസിന് മുകളിലും 18വയസിന് താഴെയും ഉള്ളവർക്ക് വാക്സീൻ നൽകി തുടങ്ങും. 60 കഴിഞ്ഞവരിൽ രോഗ്യവ്യാപനം കൂടുതലാണെന്നാണ് രാജ്യത്തെ കണക്ക്. കേരളത്തിലെ അടക്കം കൊവിഡ് മരണ നിരക്ക് പരിശോധിക്കുമ്പോഴും ഇതേ വർധന കാണാം.