ബംഗളൂരു: നാളെ വിശ്വാസവോട്ടെടുപ്പ് നടന്നില്ലെങ്കില്‍ ഭരണഘടനാ പ്രതിസന്ധിയെന്ന് കേന്ദ്രസര്‍ക്കാര്‍. നാളെ ഉച്ചയ്ക്ക് മുന്‍പ് വിശ്വാസവോട്ടെടുപ്പെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം അംഗീകരിക്കണമെന്നും പാര്‍ലമെന്‍ററി കാര്യമന്ത്രി പ്രഹ്‍ളാദ് ജോഷി പറഞ്ഞു. 

നാളെ ഉച്ചയ്ക്ക് 1.30 ന് മുന്‍പ് വിശ്വാസം തെളിയിക്കണമെന്നാണ് കുമാരസ്വാമി സര്‍ക്കാരിനോട് ഗവര്‍ണര്‍ വാജുഭായ് വാല ആവശ്യപ്പെട്ടത്. എന്നാല്‍ യോഗം ചേര്‍ന്നതിന് പിന്നാലെ ഗവര്‍ണറുടെ നിര്‍ദ്ദേശം തള്ളാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം. ഗവര്‍ണര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നെന്നാണ് കോണ്‍ഗ്രസിന് കിട്ടിയിരിക്കുന്ന നിയമോപദേശം.

ഗവര്‍ണര്‍ക്കെതിരെ നാളെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം ഉയര്‍ത്തും.  വിശ്വാസ പ്രമേയത്തിലുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞതിനാല്‍ ഈ സമയത്ത് വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ചുള്ള ഉപദേശം ഗവര്‍ണര്‍ നല്‍കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. വിശ്വാസ വോട്ടെടുപ്പ് പൂര്‍ത്തിയാക്കേണ്ട ബാധ്യത സ്പീക്കര്‍ക്കും നിയമസഭയ്ക്കുമാണെന്നാണ് കോണ്‍ഗ്രസിന്‍റെ വാദം.