Asianet News MalayalamAsianet News Malayalam

കൊവിഡ് പിടിച്ച് നിര്‍ത്താനായെന്ന് കേന്ദ്രം; വിദേശ രാജ്യങ്ങളെക്കാള്‍ കേസുകള്‍ കുറവ്

പരിശോധനയുടെ കണക്കിൽ മുന്നിൽ നില്ക്കുന്ന ജർമ്മനിയിൽ ആകെ ടെസ്റ്റ് ചെയ്തവരിൽ പത്തു ശതമാനത്തിന് മാത്രമാണ് രോഗ ബാധ. പരിശോധന കൂടിയാൽ രോഗികളുടെ എണ്ണം കൂടും എന്ന വാദം ജർമ്മനിയിലെ ഈ കണക്ക് ഖണ്ഡിക്കുന്നതായി കേന്ദ്രം

central government says they could control covid spreading
Author
Delhi, First Published Apr 17, 2020, 7:23 AM IST

ദില്ലി: വിദേശരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ കൊവിഡ് പിടിച്ച് നിര്‍ത്താനായെന്ന് വ്യക്തമാക്കുന്ന കണക്കുകൾ പുറത്തിറക്കി കേന്ദ്രം. പരിശോധന കുറയുന്നത് കൊണ്ടല്ല കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞിരിക്കുന്നതെന്ന് കേന്ദ്രം ഈ കണക്കിലൂടെ വാദിക്കുന്നു. ഇന്ത്യയിൽ 750 കേസിൽ നിന്ന് 1500 കേസിലെത്താൻ വേണ്ടിവന്നത് നാല് ദിവസമാണ്. ഇത് അടുത്ത 4 ദിവസത്തിൽ 3000 ആയി. 3000 ത്തിൽ നിന്ന് 6000 ആകാൻ അഞ്ച് ദിവസമാണ് വേണ്ടിവന്നത്. അതേസമയം 6000 ത്തില്‍ നിന്ന് 12000 ആകാൻ ആറുദിവസം എടുത്തു.

അമേരിക്കയിലും ജർമ്മനിയിലും ഇതിന് വേണ്ടി വന്നത് രണ്ട് ദിവസം മാത്രമാണ്. ഫ്രാൻസിലും സ്പെയിനിലും നാല് ദിവസവും. അതായത് സംഖ്യ പതിനായിരം കഴിയുമ്പോൾ ഇന്ത്യയിൽ രോഗവ്യാപനത്തിൻറെ വേഗത കുറയുന്നു. പതിനായിരം കേസുകൾ കണ്ടെത്തിയ സമയത്ത് ഇന്ത്യയിൽ നടന്നത് 2,17, 554 പരിശോധനകളാണ്.  അതേസമയം അമേരിക്കയിൽ 10000 കേസ് സ്ഥിരീകരിച്ചപ്പോൾ 1,39,878 പരിശോധനകൾ മാത്രമാണ് നടന്നിരുന്നത്. ഇറ്റലിയിൽ 73,154 പേരുടെ പരിശോധന മാത്രം നടന്നപ്പോഴാണ് 10,000 കൊവിഡ് കേസുണ്ടെന്ന് സ്ഥിരീകരിച്ചത്. 

അതായത് പരിശോധന കൂടുതൽ നടന്നാലേ കേസുകൾ കൂടു എന്ന വാദം ശരിയല്ലെന്നും ഇന്ത്യ ഈ ഘട്ടത്തിൽ ആവശ്യത്തിന് ടെസ്റ്റ് നടത്തുന്നു എന്നും ഈ കണക്ക് വ്യക്തമാക്കുന്നു. ഇന്ത്യയിൽ ഓരോ പത്തുലക്ഷത്തിലും കൊവിഡ് രോഗികൾ 9 പേർ മാത്രമാണ്. എന്നാല്‍ അമേരിക്കയിലിത് 1946 ഉം സ്പെയിനിൽ 3846 ഉം. ഓരോ പത്തു ലക്ഷത്തിലും 86 പേർ എന്നതാണ് അമേരിക്കയിലെ മരണ നിരക്ക്. സ്പെയിനിൽ 402ഉം ഇറ്റലിയിൽ 386ഉം. ഇന്ത്യയിൽ മൂന്ന് മാത്രം.

അമേരിക്കയിൽ പരിശോധിച്ചവരിൽ 19.8 ശതമാനം പേർക്കാണ് രോഗബാധ കണ്ടെത്തിയത്. ഫ്രാൻസിൽ ഇത് 41.8 ശതമാനമാണ്. ഇന്ത്യയിൽ 4.7 ശതമാനവും. പരിശോധനയുടെ കണക്കിൽ മുന്നിൽ നില്ക്കുന്ന ജർമ്മനിയിൽ ആകെ ടെസ്റ്റ് ചെയ്തവരിൽ പത്തു
ശതമാനത്തിന് മാത്രമാണ് രോഗ ബാധ. പരിശോധന കൂടിയാൽ രോഗികളുടെ എണ്ണം കൂടും എന്ന വാദം ജർമ്മനിയിലെ ഈ കണക്ക് ഖണ്ഡിക്കുന്നതായി കേന്ദ്രം വ്യക്തമാക്കുന്നു. അതായത് ഇന്ത്യയിൽ പരിശോധനകളുടെ അഭാവമല്ല രോഗവ്യാപനത്തിലെ കുറവ് തന്നെയാണ് കൊവിഡ് കേസുകൾ പിടിച്ചു നിറുത്തുന്നതെന്ന് സർക്കാർ വിലയിരുത്തുന്നു.

"


 

Follow Us:
Download App:
  • android
  • ios