മഹാരാഷ്ട്രയിലെ രോഗവ്യാപനവും മരണനിരക്കും ഏറെ ആശങ്കപ്പെടുത്തുന്നതാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.  


ദില്ലി: കൊവിഡ് വ്യാപനം പഠിക്കാൻ 50 ഉന്നതതല വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങൾ കേന്ദ്രസംഘം സന്ദർശിക്കും. സംസ്ഥാന സർക്കാരുകൾ കേന്ദ്രത്തിന് റിപ്പോർട്ട് നൽകണം. മഹാരാഷ്ട്രയിലെ രോഗവ്യാപനവും മരണനിരക്കും ഏറെ ആശങ്കപ്പെടുത്തുന്നതാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 

അതേസമയം രാജ്യത്തെ കൊവി‍ഡ് വ്യാപനത്തില്‍ നേരിയ കുറവുള്ളതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം പ്രതിദിന രോഗബാധ ഒരു ലക്ഷം പിന്നിട്ടെങ്കില്‍ 24 മണിക്കൂറിനിടെ 96982 പേര്‍ക്കാണ് രോഗം ബാധിച്ചത്. 446 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചെന്നും ആരോഗ്യമന്ത്രാലയത്തിന്‍റെ ഒടുവില്‍ പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. 

അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായ ദില്ലിയില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഈ മാസം മുപ്പത് വരെ തുടരും.