Asianet News MalayalamAsianet News Malayalam

മൊബൈല്‍ ടവറുകളില്‍ ഡീസലിന് പകരം പ്രകൃതിവാതകം; മാറ്റത്തിന് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് ആകെ അഞ്ചുലക്ഷത്തിലധികം മൊബൈല്‍ ടവറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് പ്രവര്‍ത്തിപ്പിക്കാന്‍ പ്രതിവർഷം 326 മില്ല്യണ്‍ ലിറ്റർ ഡീസല്‍ വേണ്ടി വരുന്നു എന്നാണ് കണക്ക്

central government wish to change diesel usage in mobile towers to natural gas
Author
Delhi, First Published Jan 28, 2020, 10:58 AM IST

ദില്ലി: രാജ്യത്തെ രണ്ട് ലക്ഷത്തോളം മൊബൈല്‍ ടവറുകളില്‍ ഡീസലിനു പകരം പ്രകൃതിവാതകം ഇന്ധനമായി ഉപയോഗിക്കാനുള്ള ശ്രമം കേന്ദ്ര സർക്കാർ തുടങ്ങി. രാജ്യത്ത് കാർബണ്‍ ബഹിർഗമനം കുറച്ചു കൊണ്ടുവരുന്നതിന്‍റെ ഭാഗമായാണ് മാറ്റം.

രാജ്യത്ത് ആകെ അഞ്ചുലക്ഷത്തിലധികം മൊബൈല്‍ ടവറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് പ്രവര്‍ത്തിപ്പിക്കാന്‍ പ്രതിവർഷം 326 മില്ല്യണ്‍ ലിറ്റർ ഡീസല്‍ വേണ്ടി വരുന്നു എന്നാണ് കണക്ക്. ഇത് വലിയ വായു മലിനീകരണത്തിന് കാരണമാകുന്നു. അഞ്ചുലക്ഷം ഡീസല്‍ ജനറേറ്ററുകളില്‍ 1,84,000 എണ്ണത്തില്‍ പ്രകൃതിവാതക ഇന്ധനം ഉപയോഗിക്കാനാണ് പെട്രോളിയം മന്ത്രാലയം ലക്ഷ്യമിടുന്നത്.

ഏതാനും വർഷത്തിനുള്ളില്‍ രാജ്യത്ത് 18000 കിലോമീറ്റർ പ്രകൃതിവാതക പൈപ് ലൈന്‍ കൂടി പ്രവര്‍ത്തനക്ഷമമാകും. ഇതോടെ രാജ്യത്തെ 53 ശതമാനം സ്ഥലങ്ങളിലും പ്രകൃതിവാതക വിതരണം സാധ്യമാകുമെന്നാണ് കണക്കുകൂട്ടല്‍. ഇതിന് പിന്നാലെ രാജ്യത്തെ അഞ്ച് ലക്ഷത്തിലധികം ഡീസല്‍ ജനറേറ്ററുകളില്‍ രണ്ട് ലക്ഷത്തോളം ജനറേറ്ററുകള്‍ പ്രകൃതി വാതകത്തിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്.

പ്രകൃതി വാതക ജനറേറ്ററുകളെ മലിനീകരണ തോത് കുറഞ്ഞ വ്യവസായങ്ങളുടെ പട്ടികയിലുൾപ്പെടുത്തണമെന്നും നിർദേശമുണ്ട്. 2023 ഓടെ രാജ്യത്ത് പ്രകൃതിവാതക ഉപഭോഗം ആറ് ശതമാനത്തില്‍ നിന്നും പതിനഞ്ച് ശതമാനത്തിലെത്തിക്കുകയാണ് സർക്കാർ ലക്ഷ്യം. 

Follow Us:
Download App:
  • android
  • ios