ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ സംസ്ഥാനത്ത് പര്യടനം നടത്തുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. പര്യടനത്തിനിടെ ദേവേന്ദ്രകുല വെള്ളാളർ സമുദായത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. ഈ സമുദായത്തിൽപ്പെട്ട ഏഴ് വിഭാ​ഗങ്ങളും ഇനി ദേവേന്ദ്രകുല വെള്ളാളർ എന്ന് അറിയപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ദേവേന്ദ്രകുല വെള്ളാളർ സമുദായത്തിന്റെ നാളുകളായുള്ള ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചതായി പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു. പാർലമെന്റിലെ അടുത്ത സെഷനിൽ സർക്കാർ ബില്ലിൽ ഭേദഗതികൾ കൊവരുമെന്ന് അദ്ദേഹം അറിയിച്ചു. തെക്കൻ തമിഴ്‌നാട്ടിൽ പല്ലാർ, പുദിവൻ, കുല്ലടി, പന്നടി, വത്താരിയൻ, ദേവേന്ദ്രൻ എന്നിവരാണ് വെള്ളാർ സമുദായത്തിന് കീഴിലുള്ളത്. ഇവരെല്ലാം പട്ടികജാതി വിഭാഗത്തിൽ പെടുന്നവരാണ്. 

പട്ടിക ജാതിയിൽ നിന്ന് ഒഴിവാക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. ഇനി മുതൽ ഏഴ് ഉപജാതികളും ദേവേന്ദ്ര കുള വെള്ളാളർ എന്നാകും അറിയപ്പെടുക. തെക്കൻ തമിഴ്‌നാട്ടിലെ ദേവേന്ദ്ര കുള വെള്ളാർ സമുദായത്തിൽ നാൽപത് ദശലക്ഷം ആളുകൾ ഉണ്ട്.