പവന്‍ ഖേരയെ രക്ഷിക്കാന്‍ ഒരു മണിക്കൂറിനുള്ളില്‍ നിരവധി അഭിഭാഷകരെത്തി. രാഹുലിനെതിരായ കേസില്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് കോടതിയെ സമീപിക്കുന്നില്ലെന്ന് അനുരാഗ് താക്കൂര്‍

ദില്ലി: ലോക്‌സഭ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് പ്രമുഖരായ അഭിഭാഷകരെ നിയോഗിക്കാത്തതില്‍ അത്ഭുതം തോന്നുന്നുണ്ടെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. രാഹുല്‍ ഗാന്ധിക്കെതിരെ കോണ്‍ഗ്രസില്‍ നടക്കുന്ന ഗൂഢാലോചനയാണോ ഇതെന്ന് സംശയമുണ്ടെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. ''അപകീര്‍ത്തി കേസില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കാത്തത് അത്ഭുതപ്പെടുത്തുന്നു. അത് മനപൂര്‍വ്വമാണോ. പിന്നില്‍ കോണ്‍ഗ്രസിലെ ഗൂഢാലോചനയാണോ? - അനുരാഗ് താക്കൂര്‍ ചോദിക്കുന്നു.

പവന്‍ ഖേരയെ രക്ഷിക്കാന്‍ ഒരു മണിക്കൂറിനുള്ളില്‍ നിരവധി അഭിഭാഷകരെത്തി. രാഹുലിനെതിരായ കേസില്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് കോടതിയെ സമീപിക്കുന്നില്ലെന്നത് വലിയ ചോദ്യമാണ്.''-അനുരാഗ് താക്കൂര്‍ പറഞ്ഞു. രാഹുലിനെ അയോഗ്യനാക്കിയതില്‍ കേന്ദ്രസര്‍ക്കാരിനോ ലോക്‌സഭ സെക്രട്ടറിയേറ്റിനോ യാതൊരു പങ്കുമില്ലെന്നും അനുരാഗ് താക്കൂര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, രാഹുലിനെതിരായ നടപടിയില്‍ സ്പീക്കര്‍ക്കെതിരെ അവിശ്വാസ നോട്ടീസ് നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട് തേടിയിട്ടുണ്ട്. 

രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നടത്തുന്ന ജയ് ഭാരത് സത്യഗ്രഹം ഇന്ന് ആരംഭിക്കും. 30-ാം തീയതി വരെയാണ് രാജ്യവ്യാപക സത്യഗ്രഹം നടക്കുന്നത്. സംസ്ഥാന, ജില്ലാ, ബ്ലോക്ക്, മണ്ഡലം തലങ്ങളിലാണ് പ്രതിഷേധപരിപാടികള്‍ നടക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്ന യോഗങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരണങ്ങളും പരിപാടിയുടെ ഭാഗമായി നടത്താന്‍ കോണ്‍ഗ്രസ് തീരുമാനം.

ഇതിനിടെ ഔദ്യോഗിക വസതി ഒഴിയാനുള്ള നടപടികള്‍ വേഗത്തിലാക്കുകയാണ് രാഹുല്‍. വീട്ടുസാധനങ്ങള്‍ ഫാം ഹൗസിലേക്ക് മാറ്റാനും മറ്റ് കാര്യങ്ങള്‍ വേഗത്തിലാക്കാനും ഓഫീസിലുള്ളവര്‍ക്ക് രാഹുല്‍ നിര്‍ദേശം നല്‍കി. അയോഗ്യനാക്കപ്പെട്ടതോടെ ലഭിച്ചിരുന്ന എല്ലാ ആനുകൂല്യങ്ങളും റദ്ദ് ചെയ്യുമെന്ന് ലോക്‌സഭാ സെക്രട്ടറിയേറ്റ് രാഹുലിനെ അറിയിച്ചിരുന്നു. .ഇതിന് പിന്നാലെയാണ് വീട് ഒഴിയണമെന്ന നോട്ടീസ് നല്‍കിയത്. നോട്ടീസില്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ ഉറപ്പായും പാലിക്കുമെന്ന് ലോക്‌സഭ സെക്രട്ടറിയേറ്റ് ഡെപ്യൂട്ടി സെക്രട്ടറി മോഹിത് രാജന് നല്‍കിയ മറുപടിയില്‍ രാഹുല്‍ വ്യക്തമാക്കിയിരുന്നു. 

Read More :  'വാത്സല്യത്തോടെ അടുത്തിരുത്തി, രണ്ടുപേർ മോശമായി പെരുമാറി'; ആറാം വയസിലെ ദുരനുഭവത്തെക്കുറിച്ച് ദിവ്യ എസ്.അയ്യർ