ചെറിയ കുട്ടികള്‍ ഏല്‍ക്കേണ്ടി വരുന്ന ഇത്തരത്തിലുളള ആഘാതങ്ങള്‍ അവരുടെ ജീവിതകാലം മുഴുവന്‍ വേട്ടയാടും. പുരുഷന്റെ ലൈംഗികത ശരിയും സ്ത്രീകളുടെ ലൈംഗികത തെറ്റുമാണ് എന്ന പൊതുബോധമാണ് സമൂഹത്തിനുള്ളത്. അത്തരം ചിന്തകള്‍ മാറണം. കുട്ടികൾ നേരിടാൻ സാധ്യതയുള്ള അതിക്രമങ്ങളെപ്പറ്റി രക്ഷിതാക്കളും അധ്യാപകരും പറഞ്ഞുകൊടുക്കണമെന്നും കളക്ടര്‍ പറഞ്ഞു.

പത്തനംതിട്ട: ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ രണ്ട് പേര്‍ തന്നോട് മോശമായി പെരുമാറിയെന്ന് പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ്.അയ്യർ. മാധ്യമ പ്രവർത്തകർക്കായി ശിശു സംരക്ഷണ വകുപ്പു സംഘടിപ്പിച്ച പരിശീലന പരിപാടിയിലാണ് ആറുവയസുള്ളപ്പോള്‍ താന്‍ നേരിട്ട അതിക്രമത്തെപ്പറ്റി കളക്ടര്‍ തുറന്നുപറഞ്ഞത്. 'രണ്ട് പുരുഷന്മാര്‍ എന്നെ വാത്സല്യത്തോടെ വിളിച്ച് അടുത്തിരുത്തി, ദേഹത്ത് സ്പര്‍ശിച്ചു, അവര്‍ ആരാണെന്ന് ഇപ്പോള്‍ ഓര്‍മ്മയില്ലെന്നും കളക്ടര്‍ പറഞ്ഞു.

ലൈംഗിക അതിക്രമത്തിനിരയാകുന്ന കുട്ടികളെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് മാധ്യമ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവബോധം നല്‍കുന്നതിനായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നടത്തിയ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് കളക്ടര്‍ മോശം അനുഭവത്തെപ്പറ്റി പറഞ്ഞത്. എന്തിനാണവർ തൊടുന്നതെന്നോ സ്നേഹത്തോടെ പെരുമാറുന്നതെന്നോ എനിക്കു തിരിച്ചറിയാനായില്ല. അവർ എന്റെ വസ്ത്രമഴിക്കാന്‍ ശ്രമിച്ചതോടെ വല്ലായ്മ തോന്നി. അരുതാത്തതെന്തോ ആണ് സംഭവിക്കുന്നതെന്ന് മനസ്സിലായതോടെ താന്‍ കുതറിയോടി രക്ഷപ്പെട്ടെന്നും കളക്ടര്‍ വെളിപ്പെടുത്തി.

അന്ന് മോശമായി പെരുമാറിയ ആളുകളുടെ മുഖം ഇപ്പോള്‍ ഓര്‍മ്മ ഇല്ല. അന്ന് അങ്ങനെ ചെയ്യാന്‍തോന്നി. എന്നാല്‍, എല്ലാ ബാല്യങ്ങള്‍ക്കും അതിന് കഴിയുന്നില്ല. മാതാപിതാക്കള്‍ തന്ന മാനസിക ധൈര്യത്തിന്‍റെ പിന്‍ബലത്തിലാണ് ആ ആഘാതത്തില്‍ നിന്നും രക്ഷപ്പെടാനായതെന്ന് ദിവ്യ പറഞ്ഞു. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും 'ഗുഡ് ടച്ച്, ബാഡ് ടച്ച്' എന്താണെന്ന് നമ്മുടെ കുട്ടികളെ പഠിപ്പിക്കണം. ചെറിയ കുട്ടികള്‍ ഏല്‍ക്കേണ്ടി വരുന്ന ഇത്തരത്തിലുളള ആഘാതങ്ങള്‍ അവരുടെ ജീവിതകാലം മുഴുവന്‍ വേട്ടയാടും. പുരുഷന്റെ ലൈംഗികത ശരിയും സ്ത്രീകളുടെ ലൈംഗികത തെറ്റുമാണ് എന്ന പൊതുബോധമാണ് സമൂഹത്തിനുള്ളത്. അത്തരം ചിന്തകള്‍ മാറണം. കുട്ടികൾ നേരിടാൻ സാധ്യതയുള്ള അതിക്രമങ്ങളെപ്പറ്റി രക്ഷിതാക്കളും അധ്യാപകരും പറഞ്ഞുകൊടുക്കണമെന്നും കളക്ടര്‍ പറഞ്ഞു.

പെണ്‍കുട്ടികള്‍ക്ക് അവരുടെ ശരീരത്തെയും ലൈംഗികതയെപ്പറ്റിയും സംസാരിക്കാനുള്ള പൊതുസ്ഥലം ഇന്നും ഇല്ല. പ്രതിസന്ധികള്‍ തരണംചെയ്യാന്‍ കുഞ്ഞുങ്ങള്‍ക്ക് മാതാപിതാക്കളുടെ പിന്തുണയാണ് ആവശ്യം. തനിക്ക് അത് കിട്ടിയിട്ടുണെന്നും കളക്ടര്‍ പറഞ്ഞു. പൂമ്പാറ്റകളെപ്പോലെ പാറിനടക്കേണ്ട പ്രായത്തിൽ കുട്ടികളെ മാനസിക ആഘാതത്തിലേക്കു തള്ളിയിടാതെയിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും കളക്ടര്‍ ദിവ്യ എസ്.അയ്യർ പറഞ്ഞു.

Read More : 'ജീവിതം മടുത്തു' എന്ന് കുറിപ്പ്; ഡോക്ടറെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ‌ കണ്ടെത്തി