ദില്ലി: കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് കര്‍ഷക സംഘടനകളുടെ ആശങ്ക ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം വിളിച്ച യോഗം ഇന്ന് നടക്കും. കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സംയുക്ത സമര സമിതിയായ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി വ്യക്തമാക്കിയിട്ടുണ്ട്.

വിഷയത്തെ സർക്കാർ ഗൗരവമായി കാണുന്നില്ലെന്നും അതിനാൽ ചർച്ചക്കില്ലെന്നുമാണ് സമര സമിതി നിലപാട് അറിയിച്ചത്. ബിജെപി അനുകൂല കര്‍ഷക സംഘടനകള്‍ ഉച്ച തിരിഞ്ഞ് നടക്കുന്ന യോഗത്തിന് എത്തിയേക്കുമെന്നാണ് അറിയുന്നത്. അതേ സമയം പഞ്ചാബിലും ഹരിയാനയിലും കര്‍ഷ സമരം തുടരുകയാണ്.

പുതിയ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം തുടരുകയാണ്. പുതിയ കര്‍ഷക നിയമങ്ങള്‍ താങ്ങുവില ഇല്ലാതാക്കുമെന്നും ഇത് വന്‍കിട കമ്പനികളെ മാത്രം സഹായിക്കുന്നതാണെന്നും പ്രതിപക്ഷം വാദിക്കുമ്പോള്‍ അതിനെ മറികടക്കാനുള്ള നീക്കങ്ങൾ കേന്ദ്ര സർക്കാരും ആരംഭിച്ചിട്ടുണ്ട്.

കർഷക പ്രക്ഷോഭം; ചർച്ചയ്ക്കുള്ള കേന്ദ്ര ക്ഷണം തള്ളി കിസാൻ മസ്ദൂർ സംഘർഷ് സമിതി