Asianet News MalayalamAsianet News Malayalam

അയോധ്യ വിധി: സുരക്ഷ അടക്കം പരിശോധിക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ സമ്പൂര്‍ണയോഗം

അയോധ്യ കേസില്‍ അടുത്ത ദിവസങ്ങളില്‍ അന്തിമവിധി പുറത്തു വന്നേക്കുമെന്ന സൂചനയെ തുടര്‍ന്നാണ് എല്ലാ മുന്നൊരുക്കങ്ങളും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.  കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വിയുടെ വസതിയില്‍ ഇന്നലെ ആര്‍എസ്എസ് - ബിജെപി നേതാക്കളും വിവിധ മുസ്ലീം സംഘടനാ നേതാക്കളും യോഗം ചേര്‍ന്നിരുന്നു

central ministry full core meeting today before ayodhya case verdict
Author
Delhi, First Published Nov 6, 2019, 8:22 AM IST

ദില്ലി: കേന്ദ്ര മന്ത്രിസഭയുടെ സമ്പൂര്‍ണ യോഗം ഇന്ന് ചേരും. സഹമന്ത്രിമാർ ഉൾപ്പടെ യോഗത്തിൽ പങ്കെടുക്കും. അയോധ്യ കേസിൽ സുപ്രീംകോടതി വിധി വരാനിരിക്കെ സുരക്ഷ മുന്നൊരുക്കങ്ങൾ ഉൾപ്പെടെ യോഗം പരിശോധിക്കും. ആർഇസിപി കരാർ സംബന്ധിച്ച കാര്യങ്ങളും യോഗത്തിൽ ചർച്ചയായേക്കും.

പാർലമെന്റ് അനക്സിലാണ് യോഗം. അയോധ്യ കേസില്‍ അടുത്ത ദിവസങ്ങളില്‍ അന്തിമവിധി പുറത്തു വന്നേക്കുമെന്ന സൂചനയെ തുടര്‍ന്നാണ് എല്ലാ മുന്നൊരുക്കങ്ങളും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.  കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വിയുടെ വസതിയില്‍ ഇന്നലെ ആര്‍എസ്എസ് - ബിജെപി നേതാക്കളും വിവിധ മുസ്ലീം സംഘടനാ നേതാക്കളും യോഗം ചേര്‍ന്നിരുന്നു.

അയോധ്യവിധി എന്തായാലും അതിനെ സ്വീകരിക്കാന്‍ ഇരുവിഭാഗവും തയ്യാറാവണമെന്ന് യോഗത്തില്‍ ഇരുവിഭാഗം നേതാക്കളും തമ്മില്‍ ധാരണയായി. ഇതാദ്യമായാണ് ആര്‍എസ്എസ് നേതൃത്വം ഇത്രയേറെ മുസ്ലീം പുരോഹിതരേയും നേതാക്കളേയും ഒന്നിച്ച് ചര്‍ച്ചയ്ക്ക് വിളിച്ചത്. ഉന്നത ആര്‍എസ്എസ് നേതാക്കളായ കൃഷ്ണ രോപാൽ, രാംലാൽ എന്നിവരും ജമാഅത്ത് ഉലമ തലവൻ സയദ് അർഷദ് മദനി മുസ്ലിം വ്യക്തിനിയമ ബോർഡ് അംഗം കമാൽ ഫറൂഖി തുടങ്ങിയവർ യോഗത്തിനെത്തിയിരുന്നു.

അയോധ്യ വിധി എന്തായാലും എല്ലാവരും അത് അംഗീകരിക്കുകയും രാജ്യത്തെ സമാധാനന്തരീക്ഷം കാത്തുസൂക്ഷിക്കാന്‍ തയ്യാറാക്കുകയും ചെയ്യണമെന്ന് ഇരുവിഭാഗവും പിന്നീട് മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞു. അയോധ്യ വിധിക്ക് ശേഷം അനുയായികളെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ ധാരണയായിട്ടുണ്ട്.

അയോധ്യ വിധി പുറത്തു വന്നാല്‍ പ്രധാനമന്ത്രിയും അമിത് ഷായും ആദ്യം അഭിപ്രായം പറയും വരെ വിധിയോട് പ്രതികരിക്കരുതെന്ന് ബിജെപി നേതാക്കള്‍ക്ക് പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്‍റ് ജെപി നഡ്ഡ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാലായിരം സുരക്ഷാസൈനികരെ അയോധ്യയില്‍ അധികമായി നിയോഗിക്കാനും തീരുമാനിച്ചു. അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ ഉടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് യുപി പൊലീസ് മേധാവി അറിയിച്ചു.

Follow Us:
Download App:
  • android
  • ios