Asianet News MalayalamAsianet News Malayalam

കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകളിലേക്ക് കേന്ദ്രസംഘം; ഇന്ന് മൂന്ന് സംസ്ഥാനങ്ങളില്‍

ഗുജറാത്ത്, തെലങ്കാന, തമിഴ്നാട് എന്നിവടങ്ങളിലാണ് സംഘം എത്തുന്നത്. അഹമ്മദാബാദ്, സൂറത്ത്‌, ഹൈദരബാദ്, ചെന്നൈ എന്നിവിടങ്ങളിലെ സാഹചര്യങ്ങള്‍ സംഘം വിലയിരുത്തും.

central team to districts where more covid 19 case reported
Author
Delhi, First Published Apr 25, 2020, 7:16 AM IST

ദില്ലി: കൊവിഡ് വ്യാപനം രൂക്ഷമായ കൂടുതൽ ജില്ലകളിലെ സാഹചര്യം വിലയിരുത്താൻ രണ്ടാം കേന്ദ്ര സംഘം ഇന്ന് മൂന്ന് സംസ്ഥാനങ്ങളിലെത്തും. ഗുജറാത്ത്, തെലങ്കാന, തമിഴ്നാട് എന്നിവടങ്ങളിലാണ് സംഘം എത്തുന്നത്. അഹമ്മദാബാദ്, സൂറത്ത്‌, ഹൈദരബാദ്, ചെന്നൈ എന്നിവിടങ്ങളിലെ സാഹചര്യങ്ങള്‍ സംഘം വിലയിരുത്തും. പശ്ചിമ ബംഗാൾ സർക്കാരിന്റെ നിസ്സഹകരണം മൂലം സന്ദർശനം ലക്ഷ്യം കാണുന്നില്ലെന്ന് ആദ്യമയച്ച കേന്ദ്ര സംഘം വ്യക്തമാക്കിയിരുന്നു.

ഇതിനിടെ രോഗബാധിതരുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന വർധനയാണ് ഒടുവിൽ പുറത്തു വന്ന കണക്ക് വ്യക്തമാക്കുന്നത്. 24 മണിക്കൂറിനിടെ 1752 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4748 പേരുടെ രോഗം ഭേദമായി. 20.5 ശതമാനമാണ് രോഗമുക്തി നേടുന്നവരുടെ നിരക്ക്. കേരളത്തിലൊഴികെ നേരത്തെ പ്രഖ്യാപിച്ച ഗ്രീൻ സോണുകളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

ഇതിനിടെ കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാനങ്ങള്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ മന്ത്രിതല സംഘത്തിന് രൂപം നല്‍കി. രാജ്യത്തെ ചില ജില്ലകളില്‍ ലോക്ക്ഡൗണ്‍ നിയമലംഘനം സംബന്ധിച്ച നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് കൊവിഡ് വ്യാപനത്തിനും മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിതെളിക്കുന്നതായാണ് വിലയിരുത്തല്‍.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരെ നടക്കുന്ന അതിക്രമങ്ങള്‍, പൊലീസുകാരെ ആക്രമിക്കല്‍, പൊതുസ്ഥലങ്ങളില്‍ സാമൂഹ്യഅകലം പാലിക്കാതിരിക്കല്‍, നിരീക്ഷണകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനെ തടസപ്പെടുത്തല്‍ തുടങ്ങിയ സംഭവങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച മന്ത്രിതല സംഘത്തിൽ രണ്ടെണ്ണം ഗുജറാത്തിലേക്കും ഓരോന്ന് വീതം തെലങ്കാന, തമിഴ്‌നാട്, മഹരാഷ്ട്ര എന്നിവിടങ്ങളിലേക്കുമാണ് നിയോഗിക്കുക. മുംബൈയിലേക്കും പൂനെയിലേക്കും നേരത്തെ നിയോഗിച്ച് സംഘത്തെ വിപുലീകരിച്ചാണ് മഹാരാഷ്ട്രയില്‍ നിയോഗിക്കുന്നത്.

പരാതി ഉയര്‍ന്നിട്ടുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം സ്ഥിതിഗതികള്‍ വിലയിരുത്തി സംസ്ഥാന സര്‍ക്കാരിന് വേണ്ട പരിഹാരനിര്‍ദേശങ്ങള്‍ നല്‍കും. അതേസമയം, ലോക്ക്ഡൗണില്‍ വ്യാപാര സ്ഥാപനങ്ങൾക്കുള്ള ഇളവ് പുതുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ ഉത്തരവിറക്കി. ഹോട്ട്സ്പോട്ടുകൾ അല്ലാത്ത സ്ഥലങ്ങളിൽ നഗരപരിധിക്ക് പുറത്തുള്ള, കടകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കാം. 50 ശതമാനം ജീവനക്കാർ മാത്രമേ പാടുള്ളൂ എന്ന കർശന നിബന്ധനയുണ്ട്.

Follow Us:
Download App:
  • android
  • ios