പി എം കെയർ പദ്ധതിയിലൂടെ രാജ്യവ്യാപകമായി വരാൻ പോകുന്നത് 551 ഓക്സിജൻ പ്ലാന്റുകൾ  
 
കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ 551 പ്രെഷർ സ്വിങ് അഡ്സോർപ്‌ഷൻ (PSA) മെഡിക്കൽ ഓക്സിജൻ നിർമാണ പ്ലാന്റുകൾ നിർമിക്കാനുള്ള ഉത്തരവ് ഞായറാഴ്ച പുറത്തിറങ്ങി. പി എം കെയർ പദ്ധതിയിലൂടെയാണ് ഈ പ്രോജക്ടിനുള്ള ഫണ്ട് വന്നെത്തുക എന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയുന്നു.

രാജ്യത്ത് കൊവിഡ് കേസുകളിൽ  വർദ്ധനവുണ്ടായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പുതിയ പദ്ധതിക്ക് അംഗീകാരം നൽകിയിരിക്കുന്നത്. രാജ്യത്തെ ഒരു ആശുപത്രിയിലും ഓക്സിജൻ ക്ഷാമം ഉണ്ടാകാതെ സൂക്ഷിക്കാൻ ഈ പ്ലാന്റുകൾ സഹായകരമാകും എന്നും കേന്ദ്രം അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തുവന്ന ഒരു പത്രക്കുറിപ്പിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായിട്ടുള്ളത്. എത്രയും പെട്ടെന്ന് തന്നെ ഈ പ്ലാന്റുകൾ പ്രവർത്തിച്ചു തുടങ്ങണം എന്നാണ് പ്രധാനമന്ത്രി നൽകിയിട്ടുള്ള നിർദേശം. ഇത് നടപ്പിലാകുന്നതോടെ എല്ലാ ജില്ലയിലും ഓരോ പ്ലാന്റ് വീതമെങ്കിലും ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. 

പിഎം കെയർ പദ്ധതിയിൽ നിന്ന് നേരത്തെ 201.58 കോടി രൂപയുടെ ഫണ്ട് അനുവദിച്ച് 162 ഓക്സിജൻ പ്ലാന്റുകൾ അനുവദിച്ചതിനു പുറമെയാണ് ഇത്. ഈ മെഡിക്കൽ ഓക്സിജൻ പ്ലാന്റുകൾക്ക് പുറമെ, അത്യാവശ്യ ഘട്ടങ്ങളിൽ പ്രയോജനപ്പെടുത്താൻ വേണ്ടി ദ്രവ രൂപത്തിലുള്ള ഓക്സിജനും നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.