വാൽപ്പാറയിൽ അഞ്ച് വയസ്സുകാരനെ പുലി കടിച്ചുകൊന്ന സംഭവത്തിൽ എസ്റ്റേറ്റേറ്റിന് സമീപത്തുള്ള കാടുകൾ വെട്ടാൻ തീരുമാനം. കൂടാതെ, ഉടൻ തന്നെ ഫെൻസിങ് നടപടികൾ ആരംഭിക്കാനും നിർദേശം.
കൊയമ്പത്തൂർ: തമിഴ്നാട് വാൽപ്പാറയിൽ അഞ്ച് വയസ്സുകാരനെ പുലി കടിച്ചുകൊന്ന സംഭവത്തിൽ സബ് കളക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. എസ്റ്റേറ്റേറ്റിന് സമീപത്തുള്ള കാടുകൾ വെട്ടാൻ യോഗത്തിൽ തീരുമാനമായി. ജനവാസ മേഖലയ്ക്ക് സമീപമുള്ള കാടുകളും ചെടികളും അടിയന്തരമായി വെട്ടിമാറ്റാനാണ് നിർദേശം. കൂടാതെ, ഉടൻ തന്നെ ഫെൻസിങ് നടപടികൾ ആരംഭിക്കാനും നിർദേശിച്ചു. പൊള്ളാച്ചി സബ് കളക്ടർ രാമകൃഷണ സ്വാമി, വനം വകുപ്പ് ഉദ്യോഗസ്ഥ സംഘം ഉൾപ്പടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു യോഗം നടന്നത്. എസ്റ്റേറ്റ് മാനേജ്മെന്റും യോഗത്തിൽ പങ്കെടുത്തു.
കഴിഞ്ഞ ദിവസമാണ് വാൽപ്പാറയിൽ അഞ്ച് വയസ്സുകാരനെ പുലി കടിച്ചു കൊന്നത്. അയ്യർപാടി എസ്റ്റേറ്റ് ബംഗ്ലാവ് ഡിവിഷനിലാണ് സംഭവം. അസം സ്വദേശി രാജ്ബുൾ അലിയുടെ മകൻ സൈഫുൾ അലാം ആണ് കൊല്ലപ്പെട്ടത്. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ആണ് പുലി പിടിച്ചത്. സമീപത്തുള്ള തേയിലത്തോട്ടത്തിൽ നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.


