Asianet News MalayalamAsianet News Malayalam

'ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുക്കുന്നത് തടയണം'; യുപിക്കും ബിഹാറിനും നിര്‍ദേശവുമായി കേന്ദ്രം

ഗംഗയിലും പോഷക നദിയിലും ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ കൃത്യമായി സംസ്‌കരിക്കാനും കേന്ദ്രം നിര്‍ദേശം നല്‍കി. യുപി, ബിഹാര്‍ സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
 

Centre asks Bihar, UP to prevent dumping of bodies in Ganga
Author
New Delhi, First Published May 17, 2021, 10:46 AM IST

ദില്ലി: ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുക്കിവിടുന്നത് തടയാനും മൃതദേഹങ്ങള്‍ കൃത്യമായി സംസ്‌കരിക്കുന്നുവെന്ന് ഉറപ്പു വരുത്താനും യുപി, ബിഹാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. മെയ് 15, 16 തീയതികളില്‍ നടന്ന അവലോകന യോഗത്തിലാണ് കേന്ദ്ര ജല ശക്തി വകുപ്പിന് കീഴിലെ നമാമി ഗംഗെ മിഷന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. 

ഗംഗയിലും പോഷക നദിയിലും ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ കൃത്യമായി സംസ്‌കരിക്കാനും കേന്ദ്രം നിര്‍ദേശം നല്‍കി. യുപി, ബിഹാര്‍ സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. മൃതദേഹങ്ങള്‍ ഒഴുകിയ പശ്ചാത്തലത്തില്‍ നദികളിലെ വെള്ളം പരിശോധിക്കാന്‍ കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. 

മൃതദേഹങ്ങള്‍ ഒഴുകുന്നത് സംബന്ധിച്ച് ക്ലീന്‍ ഗംഗ ദേശീയ കമ്മീഷന്‍ ഡയറക്ടര്‍ രാജീവ് രാജന്‍ മിത്ര ജില്ലാ മജിസ്‌ട്രേറ്റുകള്‍ക്ക് കത്തെഴുതിയിരുന്നു. തുടര്‍ന്നാണ് വേഗത്തില്‍ നടപടികള്‍ ഉണ്ടായതും യോഗം വിളിച്ചതും. ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുക്കുന്നതും തീരത്ത് സംസ്‌കരിക്കുന്നതും ഒരിക്കലും ആഗ്രഹിക്കാത്തതാണെന്നും ജാഗ്രത പുലര്‍ത്തേണ്ടുന്നതുമാണെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 

ഉത്തര്‍പ്രദേശിലെ ഗാസിപുര്‍, ഉന്നാവ്, കാണ്‍പുര്‍, ബലിയ ബിഹാറിലെ ബക്‌സര്‍, സരണ്‍ എന്നിവിടങ്ങളിലാണ് ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയത്. ഉത്തര്‍പ്രദേശില്‍ നിന്നാണ് മൃതദേഹങ്ങള്‍ ഒഴുക്കിവിടുന്നതെന്ന് ബിഹാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം യുപി നിഷേധിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios