ദില്ലി: ദില്ലി അതിര്‍ത്തിയിൽ സമരം ചെയ്യുന്ന കര്‍ഷകരുമായുള്ള സര്‍ക്കാരിന്‍റെ ചര്‍ച്ച മറ്റന്നാളത്തേക്ക് മാറ്റി. പുതുവര്‍ഷത്തിന് മുമ്പ് തന്നെ സമരം ഒത്തുതീര്‍പ്പാക്കാൻ സര്‍ക്കാര്‍ വിട്ടുവീഴ്ചക്ക് തയ്യാറാകുമെന്നാണ് കര്‍ഷക സംഘടനകളുടെ പ്രതീക്ഷ. കര്‍ഷക സമരം നീട്ടിക്കൊണ്ടുപോകരുതെന്ന നിലപാട് സര്‍ക്കാരിനെ ആര്‍എസ്.എസ് അറിയിച്ചതായും സൂചനയുണ്ട്. പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ മഹാരാഷ്ട്രയിൽ നിന്ന് ബംഗാളിലേക്കുള്ള കിസാൻ ട്രെയിൻ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു. 

നിയമങ്ങൾ പിൻവലിക്കുക, താങ്ങുവിലക്കായി നിയമപരമായ ഉറപ്പ്, സൗജന്യ വൈദ്യുതി ഉൾപ്പടെ നാല് ആവശ്യങ്ങളിൽ നാളെ രാവിലെ 11 മണിക്ക് ചര്‍ച്ചക്ക് വരാമെന്നായിരുന്നു കര്‍ഷക സംഘടനകളുടെ നിലപാട്. കൂടിയാലോചനകൾ വേണ്ടതിനാൽ  മറ്റന്നാൾ ഉച്ചക്ക് 2 മണിയിലേക്ക് ചര്‍ച്ച മാറ്റുകയാണെന്ന് കര്‍ഷക സംഘടനകളെ സര്‍ക്കാര്‍ അറിയിച്ചു. കര്‍ഷകരുമായുള്ള പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന്  ആര്‍എസ്എസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായുള്ള സൂചനകളുണ്ട്. റിപ്പബ്ളിക് ദിനാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ നടക്കുമ്പോൾ കര്‍ഷക പ്രക്ഷോഭം നീണ്ടുപോകുന്നത് സര്‍ക്കാരിന് സമ്മര്‍ദ്ദമാണ്. പുതുവര്‍ഷത്തിലേക്ക് സമരം കടക്കാതിരിക്കാൻ ചില വിട്ടുവീഴ്ചകൾ സര്‍ക്കാര്‍ വരുത്തിയേക്കും. ഇക്കാര്യങ്ങളിൽ ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ സര്‍ക്കാരിനുള്ളിൽ ചര്‍ച്ചകൾ തുടരുകയാണ്. സര്‍ക്കാര്‍ അയയുന്നില്ലെങ്കിൽ സമരം കൂടുതൽ കടുപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.

പ്രക്ഷോഭം കൂടുതൽ ശക്തമാകുമ്പോൾ നിയമങ്ങളെ ഇന്നും പ്രധാനമന്ത്രി ന്യായീകരിച്ചു. ഒരു രാജ്യം ഒരു വിപണി എന്ന ലക്ഷ്യമാണ് സര്‍ക്കാരിന്‍റേതെന്നും കര്‍ഷകന് വേണ്ടിയാണ് പുതിയ മാറ്റങ്ങളെന്നും മഹാരാഷ്ട്രയിൽ നിന്ന് ബംഗാളിലേക്കുള്ള കിസാൻ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് പറഞ്ഞു.