ലോക്സഭ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്താനും അതിൽ മൂന്നിലൊന്ന് വനിതകൾക്ക് സംവരണം നൽകാനും നിർദ്ദേശിക്കുന്ന ഭരണഘടന ഭേദഗതി ബില്ല് കേന്ദ്ര സർക്കാർ എംപിമാർക്ക് കൈമാറി.   

ദില്ലി : ലോക്സഭ സീറ്റുകളുടെ 850 വരെയായി ഉയർത്താൻ നിർദ്ദേശിക്കുന്ന ഭരണഘടന ഭേദഗതി ബില്ല് എംപിമാർക്ക് കൈമാറി കേന്ദ്ര സർക്കാർ. വനിതകൾക്കുള്ള മൂന്നിലൊന്ന് സീറ്റുകൾ മാറിമാറി നിശ്ചയിക്കുമെന്നും ബില്ല് ചൂണ്ടിക്കാട്ടുന്നു. പാർലമെൻറ് സീറ്റുകൾക്ക് അനുസരിച്ച് നിയമസഭ സീറ്റുകളുടെ എണ്ണവും സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മീഷൻ പുനർനിശ്ചയിക്കും. മണ്ഡലപുനർനിർണ്ണയത്തിനുള്ള നിർദ്ദേശം നടപ്പാക്കിയാൽ ജനം തെരുവിലിറങ്ങുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മുന്നറിയിപ്പ് നല്കി.

പാർലമെൻറ് സമ്മേളനം ചേരാൻ ഒരു ദിവസം ബാക്കി നിൽക്കെയാണ് ബില്ലുകൾ എംപിമാർക്ക് സർക്കാർ വിതരണം ചെയ്തത്. ലോക്സഭ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്താനാണ് പ്രധാന നിർദ്ദേശം. ഇതിൽ സംസ്ഥാനങ്ങൾക്ക് 815 സീറ്റുകളും കേന്ദ്ര ഭരണപ്രദേശങ്ങൾക്ക് 35 സീറ്റുകളും ഉണ്ടാകും. മണ്ഡല പുനർനിർണ്ണയം 2026ലെ സെൻസസിന് ശേഷം മതിയെന്ന വ്യവസ്ഥ എടുത്തു കളഞ്ഞു. 2011 സെൻസസ് പ്രകാരമാകും 850 ലോക്സഭ സീറ്റുകൾ നിശ്ചയിക്കുക. ഈ 850 ൽ മൂന്നിലൊന്ന് അതായത് 283 സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യും. ഓരോ തെരഞ്ഞെടുപ്പിലും വനിതകൾക്കുള്ള സീറ്റുകൾ മാറ്റി നിശ്ചയിക്കും. വനിതകൾക്ക് സംവരണം ചെയ്യുന്ന സീറ്റുകളിൽ പട്ടിക ജാതി പട്ടിക വിഭാഗത്തിനുള്ള സംവരണം ഉറപ്പാക്കും. എന്നാൽ ഒബിസി ഉപ സംവരണത്തിന് നിർദ്ദേശമില്ല.

സുപ്രീം കോടതി ജഡ്ജിയാകണം കമ്മീഷന് നേതൃത്വം നൽകേണ്ടത്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറോ അല്ലെങ്കിൽ കമ്മീഷണർമാരിൽ ഒരാളോ അംഗമായിരിക്കും. ഓരോ സംസ്ഥാനത്തും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറും കമ്മീഷൻറെ ഭാഗമാകും. പാർലമെൻറ് മണ്ഡലത്തിനകത്ത് നില്ക്കുന്ന തരത്തിൽ നിയമസഭ സീറ്റുകളും പുനർനിശ്ചയിക്കണമെന്ന് ബില്ല് നിർദ്ദേശിക്കുന്നു. 2029ൽ സംവരണം നടപ്പാകും എന്നാണ് സർക്കാർ നിലപാടെങ്കിലും ബില്ലിൽ ഇക്കാര്യം പറയുന്നില്ല. നിയമഭേദഗതിക്കായുള്ള നീക്കങ്ങൾ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ബിജെപി ശക്തമാക്കുകയാണ്. സ്ത്രീകൾക്ക് എഴുതിയ കത്തിൽ ഇപ്പോഴിത് പാസ്സാക്കാനായില്ലെങ്കിൽ അത് ദൗർഭാഗ്യകരമാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. എംപിമാർക്കുമേൽ സ്ത്രീകൾ ഇതിനായി സമ്മർദ്ദം ചെലുത്തണം എന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.

അതേ സമയം മണ്ഡല പുനർനിർണ്ണയം ചർച്ചയില്ലാതെ നടപ്പാക്കുന്നതിൽ പ്രതിപക്ഷത്തിൻറെ എതിർപ്പ് തുടരുകയാണ്. മല്ലികാർജ്ജുൻ ഖർഗെയുടെ അദ്ധ്യക്ഷതയിൽ നാളെ ചേരുന്ന പ്രതിപക്ഷ യോഗം ബില്ലിനോടുള്ള നിലപാട് തീരുമാനിക്കും. ജനം തെരുവിലിറങ്ങും എന്ന മുന്നറിയിപ്പ് എംകെ സ്റ്റാലിൻ നല്കി. ഉത്തരേന്ത്യയ്ക്കും തെക്കേ ഇന്ത്യയ്ക്കും ഇടയിൽ സീറ്റുകളുടെ അന്തരം കൂടും എന്നതാണ് പ്രതിപക്ഷത്തിൻറെ ആശങ്ക. ഭരണപക്ഷത്തെ ചില പാർട്ടികളെങ്കിലും നിലപാട് മാറ്റുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. ബംഗാളിലും തമിഴ്നാട്ടിലും പ്രചാരണം തുടരുമ്പോൾ ബില്ലിനോടുള്ള പ്രതിപക്ഷ എതിർപ്പ് വനിത സംവരണത്തിനോടുള്ള എതിർപ്പായി സർക്കാർ ചിത്രീകരിക്കുകയാണ്.