Asianet News MalayalamAsianet News Malayalam

'രാജ്യത്ത് കൊവിഡ് പടരാന്‍ കാരണം കേന്ദ്ര സര്‍ക്കാര്‍'; വിമര്‍ശനവുമായി ഛത്തീസ്ഡ് മുഖ്യമന്ത്രി

ഏപ്രില്‍ 11ന് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ചയുണ്ട്. ഇതിന് ശേഷം ലോക്ക്ഡൗണിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ഛത്തീസ്ഡ് മുഖ്യമന്ത്രി

Centre responsible for COVID-19 spread in country says Bhupesh Baghel
Author
Čhattísgarh, First Published Apr 10, 2020, 10:37 AM IST

ദില്ലി: രാജ്യത്ത് കൊവിഡ് ഇത്രയധികം പടരാന്‍ കാരണം കേന്ദ്ര സര്‍ക്കാരാണെന്ന് ഛത്തീസ്ഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍. വിദേശ രാജ്യങ്ങളില്‍ നിന്ന് രാജ്യത്ത് എത്തുന്നവരെ വളരെ നേരത്തെ പരിശോധിക്കാന്‍ തുടങ്ങിയിരുന്നെങ്കില്‍ കൊവിഡ് ഇങ്ങനെ രാജ്യത്ത് പടരില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ രോഗം ഇന്ത്യയില്‍ ഉടലെടുത്തതല്ല. രാജ്യന്താര വിമാനങ്ങളില്‍ രാജ്യത്ത് എത്തിയവരില്‍ നിന്നാണ് അത് പകര്‍ന്നത്.

ദില്ലിയിലും മുംബൈയിലും കൊല്‍ക്കത്തയിലും ഹൈദരാബാദിലും എല്ലാം വിമാനങ്ങളില്‍ എത്തിയവര്‍ക്ക് രോഗം ഉണ്ടായിരുന്നു. അവരെ അപ്പോള്‍ തന്നെ സ്‌ക്രീന്‍ ചെയ്ത് ക്വാറന്റൈന്‍ ചെയ്യാന്‍ സാധിക്കണമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു. കൊവിഡ് 19 ഒരിക്കലും രാജ്യത്ത് പടരില്ലായിരുന്നു. ഇത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്വമായിരുന്നുവെന്നും ഭൂപേഷ് ഭാഗല്‍ പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടണോയെന്ന് ഏപ്രില്‍ 12ന് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏപ്രില്‍ 11ന് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ചയുണ്ട്. ഇതിന് ശേഷം ലോക്ക്ഡൗണിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാജ്യത്ത് കൊവിഡ് രോഗബാധ സമൂഹവ്യാപനത്തിലേക്ക് കടന്നതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പഠനത്തില്‍ സൂചന ലഭിച്ചു. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ട രോഗികളില്‍ 40 ശതമാനം പേര്‍ക്കും എവിടെ നിന്ന് രോഗം ലഭിച്ചു എന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകളില്ല.

ഒപ്പം ന്യൂമോണിയ പോലെയുള്ള കടുത്ത ശ്വാസകോശരോഗങ്ങളുമായി ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന ആകെ 50-ല്‍ ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ടു എന്നതും മറ്റൊരു വസ്തുതയാണ്. ഇതെല്ലാം ചേര്‍ത്തുവായിച്ചാല്‍ രാജ്യം സാമൂഹികവ്യാപനം എന്ന മൂന്നാം ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന സൂചനയാണ് പുറത്തുവരുന്നത്.
 

Follow Us:
Download App:
  • android
  • ios