ഹൈദരാബാദ്: തെലുഗുദേശം പാർട്ടി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിന് വൻ തിരിച്ചടി. നാല് രാജ്യസഭാ എംപിമാർ ടിഡിപി വിട്ട് ബിജെപിയിലേക്ക് പോകുകയാണെന്ന് പ്രഖ്യാപിച്ചു. ഒരു രാജ്യസഭാ എംപി കൂടി രാജി സമർപ്പിച്ച് പാർട്ടി വിടുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം മുഖ്യമന്ത്രിസ്ഥാനം നഷ്ടമായ ചന്ദ്രബാബു നായിഡു ഇപ്പോൾ വിദേശത്ത് അവധിക്കാലം ആഘോഷിക്കാൻ പോയിരിക്കുകയാണ്. 

ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ടിഡിപിയുടെ രാജ്യസഭാ എംപിമാരായ വൈ എസ് ചൗധുരി, ടി ജി വെങ്കടേഷ്, സി എം രമേഷ് എന്നിവർ രാജിക്കത്ത് രാജ്യസഭാ ചെയർമാനും വൈസ് പ്രസിഡന്‍റുമായ വെങ്കയ്യാ നായിഡുവിന് കൈമാറിയത്. ജി മോഹൻ റാവു എന്ന എംപി കൂടി കളം മാറ്റിച്ചവിട്ടുമെന്നാണ് റിപ്പോർട്ടുകൾ. ടിഡിപിയ്ക്ക് നിലവിൽ ആറ് രാജ്യസഭാ എംപിമാരാണുള്ളത്. ഇതിൽ മൂന്ന് പേരാണ് നിലവിൽ ബിജെപിയിലേക്ക് കൂടുമാറുന്നത്. 

രാജ്യസഭയിൽ നിലവിൽ ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് സ്വന്തം കളത്തിലേക്ക് കൂടുതൽ ആളുകളെ എത്തിക്കുകയെന്നത് നിർണായകമാണ്. മുത്തലാഖുൾപ്പടെ നിരവധി പ്രധാനപ്പെട്ട ബില്ലുകൾ പാർലമെന്‍റിൽ പാസ്സാക്കാൻ രണ്ട് സഭകളിലും കൃത്യമായ പിന്തുണ ബിജെപിക്ക് ആവശ്യമാണ്. ഇത് മുന്നിൽക്കണ്ടാണ് ബിജെപി കരുക്കൾ നീക്കുന്നത്. നാല് എംപിമാരും ബിജെപി അധ്യക്ഷൻ കൂടിയായ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ. 

അതേസമയം, പാളയത്തിൽ പട നാല് എംപിമാരുടെ ചുവടുമാറ്റത്തിൽ മാത്രം ഒതുങ്ങില്ലെന്നാണ് സൂചന. ടിഡിപിയുടെ മുതിർന്ന നേതാക്കളും മുൻ എംഎൽഎമാരും കാക്കിനടയിലെ ഒരു ഹോട്ടലിൽ രഹസ്യയോഗം ചേരുന്നുവെന്ന റിപ്പോർ‍ട്ടുകളും പുറത്തു വരുന്നുണ്ട്. മുൻ എംഎൽഎ തോട്ട ത്രിമൂർത്തുലുവിന്‍റെ നേതൃത്വത്തിൽ കാപു വിഭാഗത്തിൽപ്പെട്ട എംപിമാരാണ് രഹസ്യയോഗം ചേരുന്നത്. ഭാവി പരിപാടികൾ എന്തായിരിക്കണമെന്ന് തീരുമാനിക്കാനാണ് യോഗം. ഇവരും പാർട്ടി വിടുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. 

നേരത്തേ തന്നെ, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്ന് നിരവധി നേതാക്കൾ പാർട്ടികളിൽ നിന്ന് കൊഴിഞ്ഞുപോകുമെന്നും സ്വന്തം പാളയത്തിലെത്തുമെന്നും ചില ബിജെപി നേതാക്കൾ അവകാശപ്പെട്ടിരുന്നു. പാർട്ടിയിൽ ചേരാൻ ഇങ്ങോട്ട് അനുമതി ചോദിച്ച് വന്നവരാണിവരെല്ലാം എന്നായിരുന്നു ബിജെപി നേതാക്കളുടെ അവകാശവാദം. 

ഈ വർഷം ലോക്സഭാ തെരഞ്ഞെടുപ്പിന് ഒപ്പം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ടിഡിപി വൈഎസ്ആർ കോൺഗ്രസിനോട് വൻ ഭൂരിപക്ഷത്തിൽ തോറ്റിരുന്നു. 151 നിയമസഭാ മണ്ഡലങ്ങളിൽ വെറും 23 സീറ്റുകൾ മാത്രമാണ് ടിഡിപിക്ക് കിട്ടിയത്. സംസ്ഥാനത്തെ 25 ലോക്സഭാ സീറ്റുകളിൽ വെറും മൂന്നെണ്ണവും.