Asianet News MalayalamAsianet News Malayalam

‘എന്‍റെ സഹോദരന്‍ ചന്ദ്രശേഖര്‍ ആസാദിനെ ജയിലില്‍ പീഡിപ്പിക്കുകയാണ്’; ഉടന്‍ മോചിപ്പിക്കണമെന്ന് ജിഗ്നേഷ് മേവാനി

ചന്ദ്രശേഖര്‍ ആസാദിനെ എത്രയും പെട്ടെന്ന് വിട്ടയക്കണം. അംബേദ്കര്‍ സ്വപ്‌നം കണ്ടത് നേടിയെടുക്കാന്‍ അദ്ദേഹത്തിന് കൂടുതല്‍ കരുത്ത് ലഭിക്കട്ടേയെന്നും ജിഗ്നേഷ് ട്വിറ്ററില്‍ കുറിച്ചു.

Chandrasekhar  still in jail with reports of torture with him says Jignesh Mevani
Author
Ahmedabad, First Published Dec 27, 2019, 6:58 PM IST

അഹമ്മദാബാദ്: ദില്ലിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നയിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ജയിലില്‍ പീഡിപ്പിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി. എന്‍റെ സഹോദരന്‍ ജയിലില്‍ പീഡിപ്പിക്കപ്പെടുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചന്ദ്രശേഖര്‍ ആസാദിനെ എത്രയും പെട്ടെന്ന് വിട്ടയക്കണം. അംബേദ്കര്‍ സ്വപ്‌നം കണ്ടത് നേടിയെടുക്കാന്‍ അദ്ദേഹത്തിന് കൂടുതല്‍ കരുത്ത് ലഭിക്കട്ടേയെന്നും രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് നേതാവ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ജിഗ്നേഷിന്റെ പ്രതികരണം.

ഓള്‍ഡ് ദില്ലിയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ വന്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ആസാദിനെ ഡിസംബര്‍ 21നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജമാ മസ്ജിദിലെ പ്രതിഷേധത്തിന്‍റെ ഭാഗമായി കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാം എന്ന ഉറപ്പിലാണ് ചന്ദ്രശേഖർ കസ്റ്റഡിയിൽ പോകാൻ തയ്യാറായത്. ഇക്കാര്യം ട്വീറ്റ് ചെയ്തതിന് പിന്നാലെ ചന്ദ്രശേഖറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

ചന്ദ്രശേഖര്‍ ആസാദിന്‍റെ നേതൃത്വത്തിലായിരുന്നു ദില്ലി ജമാ മസ്ജിദില്‍ വന്‍ പ്രതിഷേധം നടന്നത്. വെള്ളിയാഴ്ച നമസ്കാരം കഴിഞ്ഞ് ആയിരക്കണക്കിനാളുകള്‍ എത്തിയ ജമാ മസ്ജിദിന്‍റെ ഗേറ്റുകളില്‍ ഒന്ന് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു. ഇതോടെ നമസ്കാരത്തിന് ശേഷം വിശ്വാസികള്‍ ഒന്നാമത്തെ ഗേറ്റില്‍ തടിച്ചുകൂടി

പ്രതിഷേധ റാലി നടത്തുമെന്ന് പ്രഖ്യാപിച്ച ചന്ദ്രശേഖര്‍ ആസാദിനെ ജമാ മസ്ജിദിന് പുറത്തുവെച്ച് പൊലീസ് പിടികൂടി. പ്രതിഷേധവുമായി ജനങ്ങള്‍ എത്തിയതോടെ പൊലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ട ആസാദ് കെട്ടിടങ്ങളുടെ ടെറസുകളില്‍ നിന്നും ടെറസുകളിലേക്ക് ചാടിയാണ് ആള്‍ക്കൂട്ടത്തിന് സമീപമെത്തി പ്രതിഷേധം തുടര്‍ന്നത്. ഭരണഘടനയുടെ പകര്‍പ്പ് ഉയര്‍ത്തിക്കാട്ടിയും മുദ്രാവാക്യങ്ങള്‍ വിളിച്ചുമായിരുന്നു പ്രതിഷേധം.

Follow Us:
Download App:
  • android
  • ios