ദില്ലി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദില്ലി ജമാ മസ്ജിദില്‍ ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന്‍റെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം. ജമാ മസ്ജിദില്‍ നിന്ന് ജന്തര്‍ മന്ദറിലേക്ക് മാര്‍ച്ച് നടത്താന്‍ പൊലീസ് അനുമതി നിഷേധിച്ചിരുന്നെങ്കിലും ഇത് വകവെക്കാതെയാണ് ചന്ദ്രശേഖര്‍ ആസാദിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഭരണഘടനയും അംബേദ്കറിന്‍റെ പോസ്റ്ററുകളും കയ്യിലേന്തി വന്‍ ജനാവലിയുടെ പിന്തുണയോടെയായിരുന്നു പ്രതിഷേധം.

വെള്ളിയാഴ്ച നമസ്കാരം കഴിഞ്ഞ് ആയിരക്കണക്കിനാളുകള്‍ എത്തിയ ജമാ മസ്ജിദിന്‍റെ ഗേറ്റുകളില്‍ ഒന്ന് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു. ഇതോടെ നമസ്കാരത്തിന് ശേഷം വിശ്വാസികള്‍ ഒന്നാമത്തെ ഗേറ്റില്‍ തടിച്ചുകൂടി. പ്രതിഷേധ റാലി നടത്തുമെന്ന് പ്രഖ്യാപിച്ച ചന്ദ്രശേഖര്‍ ആസാദിനെ ജമാ മസ്ജിദിന് പുറത്തുവെച്ച് പൊലീസ് പിടികൂടി. പ്രതിഷേധവുമായി ജനങ്ങള്‍ എത്തിയതോടെ പൊലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ട ആസാദ് കെട്ടിടങ്ങളുടെ ടെറസുകളില്‍ നിന്നും ടെറസുകളിലേക്ക് ചാടിയാണ് ആള്‍ക്കൂട്ടത്തിന് സമീപമെത്തി പ്രതിഷേധം തുടര്‍ന്നത്. ഭരണഘടനയുടെ പകര്‍പ്പ് ഉയര്‍ത്തിക്കാട്ടിയും മുദ്രാവാക്യങ്ങള്‍ വിളിച്ചുമായിരുന്നു പ്രതിഷേധം. പിന്നീട് ആസാദിനെ വീണ്ടും കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമം ഉണ്ടായെങ്കിലും ജനങ്ങള്‍ ഇടപെട്ട് തടഞ്ഞു. ജയ് ഭീം മുഴക്കി മുഖം മറച്ചായിരുന്നു ചന്ദ്രശേഖര്‍ ആസാദ് ജമാ മസ്ജിദില്‍ എത്തിയത്. വന്‍ ജനാവലിയാണ് ആസാദിന്‍റെ നേതൃത്വത്തിലുള്ള പ്രതിഷേധ റാലിയില്‍ പങ്കെടുത്തത്.

അതേസമയം നിരവധി ആളുകള്‍ ജന്ദര്‍ മന്ദറിലേക്ക് മാര്‍ച്ച് നടത്തിയതോടെ ദില്ലി ഗേറ്റിന് സമീപം ബാരിക്കേഡു വെച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞു. പിരിഞ്ഞുപോകാന്‍ പ്രതിഷേധക്കാര്‍ തയ്യാറാകാതിരുന്നതോടെ ജന്ദര്‍ മന്ദറിലേക്കുള്ള പാതകളെല്ലാം പൊലീസ് അടച്ചിരിക്കുകയാണ്. തന്നെ അറസ്റ്റ് ചെയ്തെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ചന്ദ്രശേഖര്‍ ആസാദ് നേരത്തെ ട്വിറ്ററില്‍ കുറിച്ചിരുന്നു.